കൊച്ചി: പോയ ആഴ്ചയിലെ വാർത്താ ചാനലുകളുടെ റേറ്റിങ് കണക്കുകൾ പുറത്തുവരുമ്പോൾ വലിയ മുന്നേറ്റം പ്രതീക്ഷിച്ച റിപ്പോർട്ടർ ടിവി വിയർക്കുന്ന സ്ഥിതിയാണ്. ഒന്നാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസുമായുളള പോയിന്റ് വ്യത്യാസം 14.4 പോയിന്റാണ് എന്നത് റിപോര്‍ട്ടറിന്റെ കിതപ്പ് വ്യക്തമാക്കുന്നതാണ്. ചാനൽ പുതിയ ഉടമകൾ ഏറ്റെടുത്തശേഷം മുന്നേറ്റം തീർത്തുവെങ്കിലും ഒരുഘട്ടത്തില്‍ വെച്ച് കുതിപ്പ് നിശ്ചലമായി പോയിരിക്കുന്നുവെന്ന് പോയിന്റ് നിലയില്‍ നിന്ന് പ്രകടമാണ്. തദ്ദേശ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടന്ന കഴിഞ്ഞയാഴ്ചയില്‍ വന്‍കുതിപ്പ് നടത്താന്‍ ചാനലിന് കഴിയാതെ പോയതിൽ മാനേജ്മെന്റിന് നിരാശയുണ്ടാകും. മാനേജ്മെന്റ് നിരന്തരം വിവാദങ്ങളില്‍ പെടുന്നതും അവര്‍ ഉള്‍പ്പെട്ട കേസുകളും ചാനലിന്റെ വിശ്വാസ്യതക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഏറ്റവും ഒടുവിൽ കോൺഗ്രസ് തുടരുന്ന ബഹിഷ്കരണവും ചാനലിന് വിനയായി മാറിയിട്ടുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടിംഗ് ആയിരുന്നു കോൺഗ്രസിനെ ചാനൽ ബഹിഷ്കരണത്തിലേക്ക് നയിച്ചത്. എസ്ഡിപിഐ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫിന് വിജയിക്കുവാൻ കഴിയൂ എന്ന തരത്തിൽ ചാനൽ പ്രതിനിധി റോഷി പാൽ നടത്തിയ റിപ്പോർട്ടിംഗ് ആണ് കോൺഗ്രസിനെ പ്രകോപിപ്പിച്ചത്. ചാനൽ പ്രതിനിധിയുടെ റിപ്പോർട്ടിങ്ങിനെ മാനേജ്മെന്റ് കൂടി അനുകൂലിച്ചപ്പോൾ കോൺഗ്രസും നിലപാട് കടുപ്പിക്കുകയായിരുന്നു. ഇതിനിടയിൽ ചാനൽ പ്രതിനിധിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിച്ച കോൺഗ്രസ് സൈബർ പോരാളികൾക്കെതിരെ മാനേജ്മെന്റ് നിയമനടപടി സ്വീകരിക്കുകയും ചെയ്തു. ഇതോടെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെയുള്ളവർ റിപ്പോർട്ടറിനെതിരെ രംഗത്തുവന്നു. നേതാക്കൾ ആരും തന്നെ ഇനി ചാനലിൽ അന്തി ചർച്ചകൾക്ക് പോകേണ്ടതില്ല എന്ന നിലപാട് കോൺഗ്രസ് സ്വീകരിക്കുകയായിരുന്നു. ഇത് ചാനലിന്റെ കാഴ്ചക്കാരുടെ എണ്ണത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.
പ്രധാനമായും രാത്രി ചർച്ചകളിൽ കോൺഗ്രസിന്റെതായ വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കുമ്പോൾ പോലും കോൺഗ്രസ് നേതാക്കളുടെ അസാന്നിധ്യമാണ് ചാനലിന്റെ കാഴ്ചക്കാരുടെ എണ്ണം കുറച്ചത്. ഇപ്പോഴും രണ്ടാം സ്ഥാനത്ത് തുടരാൻ കഴിയുന്നത് റിപ്പോർട്ട് ചാനലിന് ആശ്വാസമാണ്. ലക്ഷക്കണക്കിന് കേബിള്‍ വരിക്കാരുളള കേരളാ വിഷന്റെ കേബിള്‍ കണക്ഷനുളളവര്‍ ടെലിവിഷന്‍ സെറ്റ് ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം വരുന്നത് റിപോര്‍ട്ടര്‍ ടിവിയാണ്. ഇത് റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്തു തന്നെ തുടരുവാൻ റിപ്പോർട്ടറിനെ സഹായിച്ചിട്ടുണ്ട്. കേബിള്‍ ടിവി തുറക്കുമ്പോള്‍ തന്നെ വരുന്ന ചാനലില്‍ കുറഞ്ഞത് 1 മിനിറ്റെങ്കിലും ഓരോ പ്രേക്ഷകനും ചെലവഴിക്കും. ഇതാണ് ലാന്‍ഡിങ്ങ് പേജ് എടുക്കുന്ന ചാനലിന് മിനിമം 15 പോയിന്റ് എങ്കിലും അധികമായി ലഭിക്കാന്‍ കാരണമാകുന്നത്. അഞ്ചര കോടി രൂപ ചെലവഴിച്ചാണ് റിപോര്‍ട്ടര്‍ ടി.വി കേരളാ വിഷന്റെ ലാന്‍ഡിങ്ങ് പേജ് കരസ്ഥമാക്കിയത്. അതേസമയം, വാര്‍ത്താ ചാനലുകളുടെ റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസ് തന്നെ പോയ ആഴ്ചയിലും ഒന്നാം സ്ഥാനത്ത്. ബ്രോഡ് കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ പുറത്തുവിട്ട 49-ാം ആഴ്ചയിലെ കേരളാ യൂണിവേഴ്സ് വിഭാഗത്തിലെ റേറ്റിങ്ങിലാണ് ഏഷ്യാനെറ്റ് ന്യൂസ് ആധിപത്യം നിലനിര്‍ത്തിയത്. 93.74 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. എന്നാല്‍ തൊട്ട് മുന്‍പത്തെ ആഴ്ചയിലെ പോയിന്റില്‍ നിന്ന് നേരിയ വളര്‍ച്ച മാത്രമേ ഏഷ്യാനെറ്റിന് നേടാനായുളളുവെന്നത് ശ്രദ്ധേയം. 49-ാം ആഴ്ചയിലെ റേറ്റിങ്ങിലും ട്വന്റി ഫോര്‍ മൂന്നാം സ്ഥാനത്ത് തന്നെയാണ്. 64.74 പോയിന്റാണ് ട്വന്റി ഫോര്‍ ന്യൂസിന്റെ നേട്ടം. മനോരമ ന്യൂസാണ് 49-ാം ആഴ്ചയിലെ റേറ്റിങ്ങില്‍ നാലാം സ്ഥാനത്ത്. 41.38 പോയിന്റാണ് മനോരമ ന്യൂസിന്റെ നേട്ടം. തൊട്ടുമുന്‍പുളള ആഴ്ചയിലേക്കാള്‍ 1.18 പോയിന്റ് അധികമായി നേടാന്‍ മനോരമക്ക് കഴിഞ്ഞു. പതിവ് പോലെ മാതൃഭൂമി ന്യൂസാണ് അഞ്ചാം സ്ഥാനത്ത്. 38.09 പോയിന്റ് നേടിയാണ് മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തുള്ളത്. ജനം, കൈരളി ന്യൂസ് ചാനലുകള്‍ക്ക് യഥാക്രമം 20.98,19.21 പോയിന്റുകള്‍ നേടി. ന്യൂസ് 18 കേരളം എട്ടാം സ്ഥാനത്തും മീഡിയാവണ്‍ 9-ാം സ്ഥാനത്തുമുണ്ട്. 24 ന്യൂസിൽ നിന്നും വേണു മീഡിയ വണ്ണിലേക്ക് എത്തിയെങ്കിലും അതിന്റെ നേട്ടമൊന്നും റേറ്റിങ്ങിൽ പ്രകടമായതേയില്ല.