സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപവും ലൈംഗിക ചുവയോടെയുള്ള പെരുമാറ്റവും ബോബി ചെമ്മണ്ണൂർ എന്ന ബോച്ചേ തുടങ്ങിയിട്ട് നാളുകൾ ഏറെയാകുന്നു. ദ്വയാർത്ഥമുള്ള വാക്കുകൾ കൊണ്ട് ബോബി ചെമ്മണ്ണൂർ മാനസികമായി തളർത്തിയവർ നിരവധിയാണ്. ഇപ്പോൾ അയാൾക്കെതിരെ ശക്തമായി രംഗത്ത് വന്ന നടി ശെരിക്കും സഹികെട്ടുകൊണ്ടാണ് ഇത്തരത്തിൽ മുന്നോട്ടുവന്നത്. അത്രമേൽ പൊതുസമൂഹത്തിൽ അവർ അപഹാസ്യയായിട്ടുണ്ട്. പല ഘട്ടങ്ങളിലും ബോബിക്കെതിരെ ഒട്ടേറെ ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ആ ഘട്ടങ്ങളിലൊക്കെയും പണംകൊണ്ട് മാധ്യമങ്ങളെ കൈകാര്യം ചെയ്ത് മുന്നോട്ടു പോകുകയായിരുന്നു രീതി. ഒരു യുവതിയെ ബോബി ഭീഷണിപ്പെടുത്തുന്ന വീഡിയോ ഒരിക്കൽ പുറം ലോകത്തേക്ക് വന്നിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ ഏറെ ചർച്ചയായെങ്കിലും മുഖ്യധാര മാധ്യമങ്ങൾ ഒന്നും തന്നെ അത് ഏറ്റെടുത്തിട്ടില്ല. അതേസമയം തൊട്ടടുത്ത ദിവസം മുഖ്യധാര മാധ്യമങ്ങളിലെല്ലാം നിറഞ്ഞത് ബോബി ചെമ്മണ്ണൂരിന്റെ ഓക്സിജൻ സിറ്റിയുടെ കൂറ്റൻ പരസ്യമായിരുന്നു. ഇന്നലെയും ചില മുഖ്യധാരാ ചാനലുകളിൽ ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ തന്നെയായിരുന്നു ലൈവിൽ ദൃശ്യമായത്.
റിപ്പോർട്ടർ ചാനലിൽ ഏറ്റവും ശ്രദ്ധ നേടുന്ന പരിപാടികളിൽ ഒന്നാണ് മീറ്റ് ദി എഡിറ്റേഴ്സ്. കഴിഞ്ഞ ദിവസത്തെ പ്രസ്തുത പരിപാടിയിൽ നടിക്കെതിരായ ബോബിയുടെ ലൈംഗിക അതിക്രമങ്ങൾ ആയിരുന്നു ചർച്ചാവിഷയം. ചാനൽ മേധാവിയും അരുൺകുമാറും ഉണ്ണി ബാലകൃഷ്ണനും സ്മൃതി പരുത്തിക്കാടുമൊക്കെ ബോബിയ്ക്കുനേരെ വിമർശനങ്ങളുടെ ശരമെയ്ത്ത് നടത്തുകയായിരുന്നു. അപ്പോഴും ചാനലിന്റെ സ്ക്രീനിൽ നിറഞ്ഞുനിൽക്കുന്നത് ബോബിയുടെ സ്ഥാപനങ്ങളുടെ പരസ്യം തന്നെയായിരുന്നു. ബോബിയെ അറസ്റ്റ് ചെയ്ത ദിവസം മുഖ്യധാര പത്രങ്ങളിൽ ഒന്നാം പേജിൽ വാർത്ത വന്നില്ലെന്നത് മറ്റൊരു കാര്യം. മാധ്യമങ്ങൾ എന്തിനാണ് ഇത്രയും വിധേയത്വം കാണിക്കുന്നതെന്ന് ചിന്തിക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
മാധ്യമങ്ങൾ എല്ലാം നിലനിൽക്കുന്നത് പരസ്യ വരുമാനം കൊണ്ട് മാത്രമാണ്. പ്രത്യേകിച്ച് അച്ചടി മാധ്യമങ്ങൾക്ക് സ്വാധീനം കുറയുന്ന ഇന്ന് വൻകിട പരസ്യങ്ങൾ മാത്രമാണ് അവരുടെ ഏക വരുമാനസ്രോതസ്. അതുകൊണ്ടാണ് പലരോടും പലതരത്തിലുള്ള വിധേയത്വവും മാധ്യമങ്ങൾക്ക് കാണിക്കേണ്ടി വരുന്നത്. എന്നാൽ മാധ്യമങ്ങൾ ഏതെങ്കിലും വാർത്ത മറച്ചുവെച്ചത് കൊണ്ട് പൊതു സമൂഹത്തിൽ എത്താതെ ഇരിക്കുന്ന കാലമൊക്കെ കടന്നുപോയി. മാധ്യമങ്ങൾക്ക് വാർത്തയെത്തുന്നതിന് മുമ്പേ ജനങ്ങളിലേക്ക് നേരിട്ട് എത്തുന്ന സംവിധാനങ്ങൾ എല്ലാം ഇന്നുണ്ട്. അത്രമേൽ സാമൂഹ്യ മാധ്യമങ്ങൾ നമ്മുടെ നാട്ടിൽ സജീവമാണ്. റിപ്പോർട്ടർ ടിവി ഉൾപ്പെടെയുള്ള ചാനലുകളും ഒരു പരിധിവരെ വാർത്തയുടെ വാണിജ്യ പക്ഷം കൂടി തേടിയാണ് മുന്നോട്ടുപോകുന്നത്. റിപ്പോർട്ടറിന്റെ പല സമീപനങ്ങളും പൊതുസമൂഹത്തിൽ ഇപ്പോൾ ചർച്ചയാണ്. കോൺഗ്രസും റിപ്പോർട്ടർ ചാനലും തമ്മിലുള്ള തർക്കങ്ങൾ പോലും ഒന്നരമാസം പിന്നിട്ടിരിക്കുകയാണ്.
ചാനൽ ആരംഭിച്ചത് മുതൽക്കേ കോൺഗ്രസ് പാർട്ടിയുമായി വിവിധ വിഷയങ്ങളിൽ ഭിന്നാഭിപ്രായം ഉണ്ടായിരുന്നുവെങ്കിലും രൂക്ഷമാകുന്നത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിൽ ആയിരുന്നു. ഇതോടെ ചാനൽ ബഹിഷ്കരണത്തിലേക്ക് കോൺഗ്രസ് നേതൃത്വം കടക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെയുള്ളവർ സാമൂഹ്യ മാധ്യമങ്ങളിൽ ചാനലിനെതിരെ രൂക്ഷമായി തുറന്നടിച്ചു. കോൺഗ്രസിന്റെ പ്രതിനിധികൾ ചാനലിന്റെ രാത്രി ചർച്ചകളിൽ പങ്കെടുത്തിട്ട് ഒരുമാസം പിന്നിടുകയാണ്. മുമ്പും ഒരിക്കൽ സമാനമായ രീതിയിൽ കോൺഗ്രസ് റിപ്പോർട്ടർ ചാനൽ ബഹിഷ്കരിച്ചിരുന്നു. അന്ന് ചാനൽ പ്രതിനിധികൾ ക്ഷമാപണം പറഞ്ഞ ശേഷം ആയിരുന്നു പ്രശ്നങ്ങൾ അവസാനിച്ചത്. എന്നാൽ ഇന്ന് വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ ഇരുകൂട്ടർക്കും ഇടയിൽ തർക്കം രൂക്ഷമായി തന്നെ തുടരുകയാണ്. കോൺഗ്രസ് ബഹിഷ്കരണം പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഎമ്മിന്റെ പോഷക സംഘടന പോലെയാണ് ഇപ്പോഴത്തെ ചാനലിന്റെ പ്രവർത്തനം. അതായത് ബഹിഷ്കരണത്തിനു ശേഷം കോൺഗ്രസുകാർ ചാനൽ കാണാതെ ആയതോടെ പ്രേക്ഷകരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ഇതോടെ മറ്റു പ്രേക്ഷകരെ തങ്ങളിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ ആഴ്ചയിലെ ചാനൽ റേറ്റിംഗിൽ ചാനലിനെ ഇടവ് സംഭവിച്ചിരുന്നു.മാനേജ്മെന്റ് നിരന്തരം വിവാദങ്ങളില് പെടുന്നതും അവര് ഉള്പ്പെട്ട കേസുകളും ചാനലിന്റെ വിശ്വാസ്യതക്ക് ഭീഷണി ഉയര്ത്തുകയായിരുന്നു.
ഏറ്റവും ഒടുവിൽ കോൺഗ്രസ് തുടരുന്ന ബഹിഷ്കരണവും ചാനലിന് വിനയായി മാറി. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടിംഗ് ആയിരുന്നു കോൺഗ്രസിനെ ചാനൽ ബഹിഷ്കരണത്തിലേക്ക് നയിച്ചത്. എസ്ഡിപിഐ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫിന് വിജയിക്കുവാൻ കഴിയൂ എന്ന തരത്തിൽ ചാനൽ പ്രതിനിധി റോഷി പാൽ നടത്തിയ റിപ്പോർട്ടിംഗ് ആണ് കോൺഗ്രസിനെ പ്രകോപിപ്പിച്ചത്. ചാനൽ പ്രതിനിധിയുടെ റിപ്പോർട്ടിങ്ങിനെ മാനേജ്മെന്റ് കൂടി അനുകൂലിച്ചപ്പോൾ കോൺഗ്രസും നിലപാട് കടുപ്പിക്കുകയായിരുന്നു. ഇതിനിടയിൽ ചാനൽ പ്രതിനിധിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിച്ച കോൺഗ്രസ് സൈബർ പോരാളികൾക്കെതിരെ മാനേജ്മെന്റ് നിയമനടപടി സ്വീകരിക്കുകയും ചെയ്തു. ഇതോടെയാണ് പ്രശ്നങ്ങൾ സങ്കീർണ്ണമായത്.