പത്തനംതിട്ട: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂവകുപ്പ്. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് ഉത്തരവ്. ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസിനാണ് അന്വേഷണ ചുമതല. സംഭവുമായി ബന്ധപ്പെട്ട് കളക്ടര്‍ അരുണ്‍ വിജയനെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എ ഗീതയ്ക്ക് അന്വേഷണത്തിനുള്ള ചുമതല കൈമാറിയത്.
മരണം എങ്ങനെ സംഭവിച്ചു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണങ്ങള്‍ പരിശോധിക്കുക, ദിവ്യ എന്തെങ്കിലും തെളിവുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ, എന്‍ഒസി നല്‍കിയതില്‍ അഴിമതിയുണ്ടോ, മറ്റു ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ അതും പരിശോധിക്കുക എന്നീ ആറ് കാര്യങ്ങള്‍ അന്വേഷിക്കാനാണ് ഉത്തരവില്‍ പറയുന്നത്. അതേസമയം നവീന്‍ ബാബുവിന്റെ ക്വാട്ടേഴ്സില്‍ പരാതിക്കാരനായ പ്രശാന്തന് എത്തിയെന്ന് ആരോപിക്കപ്പെടുന്ന ദിവസം ഇരുവരും കണ്ടുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.