നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നരവർഷക്കാലം മാത്രം ബാക്കി നിൽക്കെ അജണ്ടകൾ രൂപീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന തിരക്കിലാണ് രാഷ്ട്രീയ പാർട്ടികളും മുന്നണികളും. കാലാകാലങ്ങളായി സംസ്ഥാന ഭരണം മാറിമാറി വരുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ രണ്ടുതവണയായി കേരളം ഇടതു മുന്നണി തന്നെ ഭരിക്കുകയായിരുന്നു. അതിനുമുമ്പ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി യുഡിഎഫ് സർക്കാർ അധികാരത്തിലുള്ളപ്പോഴും ചെറിയ മാർജിൻ ആയിരുന്നു അന്നത്തെ സർക്കാരിന് ഉണ്ടായിരുന്നത്. എന്നാൽ തൊട്ടടുത്ത രണ്ടു പിണറായി സർക്കാരുകളും വലിയ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിൽ വന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം കുറയുമ്പോൾ മുന്നണികളെ ശക്തിപ്പെടുത്തുന്നതിനുള്ള നെട്ടോട്ടത്തിലാണ് പാർട്ടികൾ. മുന്നണിയിലെ പാർട്ടികളുടെ ഐക്യം വർധിപ്പിക്കുന്നതിന് വേണ്ടി സിപിഎം ഇടപെടലുകൾ ആരംഭിച്ചിട്ടുണ്ട്. മുതിർന്ന നേതാക്കൾ ഘടകകക്ഷി നേതാക്കളെ നേരിൽകണ്ട് ആശയവിനിമയം നടത്തുകയൊക്കെ ആരംഭിച്ചിട്ടുണ്ട്. യുഡിഎഫും മുന്നണി ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ടത് മധ്യകേരളത്തിൽ തിരിച്ചടിയായി എന്ന വിലയിരുത്തലാണ് യുഡിഎഫിൽ. മുന്നണി വിട്ടുപോയ കേരളാ കോൺഗ്രസ് (എം), ആർ.ജെ.ഡി കക്ഷികളുടെ കാര്യത്തിലാണ് ഇപ്പോൾ ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയുമാണ് അനൌദ്യോഗിക ചർച്ചകളുടെ പിന്നിൽ. മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും ഉൾപ്പെടെ നിലവിൽ ഉണ്ടെങ്കിലും തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഭാവി ശുഭകരമല്ലെന്നാണ് കേരളാ കോൺഗ്രസ് എമ്മിന്റെ വിലയിരുത്തൽ. അനൌദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പാലാ സീറ്റാണ് കേരളാ കോൺഗ്രസ് എമ്മിന്റെ പ്രധാന ആവശ്യം. മാണി സി കാപ്പനെ വഞ്ചിച്ച് പാലാ വിട്ടുനൽകാൻ ഒരുക്കമല്ലെന്ന് കോൺഗ്രസ് നിലപാട് എടുത്തതോടെ മലബാറിൽ സുരക്ഷിത സീറ്റ് ഉറപ്പാക്കി കേരളാ കോൺഗ്രസിനെ തിരികെ എത്തിക്കാൻ ലീഗ് ശ്രമിക്കുന്നുണ്ട്. എൽഡിഎഫിൽ കടുത്ത അവഗണന നേരിടുന്ന എം.വി ശ്രേയംസ്കുമാറിന്റെ ആർജെഡിയെ മുന്നണിയിൽ ആദ്യം എത്തിക്കാനാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിൽ തുടരുന്ന ബിഡിജെഎസ് അധികം വൈകാതെ യുഡിഎഫിലേക്ക് എന്നതിനുള്ള ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. പാർട്ടി രൂപീകരിച്ചത് മുതൽക്കേ എൻഡിഎ മുന്നണിയിൽ ആയിരുന്ന ബിഡിജെഎസ് ബിജെപി ബന്ധം ഉപേക്ഷിക്കുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട്. ഒരു പാർട്ടി എന്ന നിലയിൽ ബിഡിജെഎസിന് എൻഡിഎ മുന്നണിയിൽ നിലനിൽക്കുന്നിടത്തോളം കാലം യാതൊരു മുന്നേറ്റവും സൃഷ്ടിക്കുവാൻ കഴിയില്ലെന്ന തിരിച്ചറിവാണ് പ്രധാന കാരണം. മറ്റൊരു കാര്യം ഭൂരിഭാഗം ബിഡിജെഎസ് അനുകൂലികളും ബിജെപിയുടെ രാഷ്ട്രീയത്തെ എതിർക്കുന്നു എന്നതാണ്. ബിഡിജെസിലെ 90 ശതമാനത്തിലേറെ പ്രവർത്തകരും എസ്എൻഡിപിയിലുള്ളരാണ്. അവർക്കെല്ലാം പല കാര്യങ്ങളിലും സിപിഎമ്മിന്റെ ആശയങ്ങളോട് വിയോജിപ്പാണ് ഉള്ളത്. മുന്നണി എന്ന നിലയില്‍ ബിജെപിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും പ്രവര്‍ത്തകര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അടക്കം ഗണ്യമായി ബിജെപിയുടെ വോട്ട് വർദ്ധിപ്പിക്കുവാൻ സാധിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഒരു പരിഗണനയും തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് ബിഡിജെഎസ് നേതാക്കൾ പറയുന്നു. പ്രത്യേകിച്ച് ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ശോഭാസുരേന്ദ്രന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് വർദ്ധിപ്പിക്കുവാൻ കഴിഞ്ഞിരുന്നു. ഈഴവ വോട്ടുകൾ ഒട്ടേറെയുള്ള ആലപ്പുഴ മണ്ഡലത്തിൽ ബിജെപിക്ക് വോട്ട് കൂടിയതിന് പിന്നിൽ ബിഡിജെഎസിന്റെ സാന്നിധ്യമാണെന്ന് നേതാക്കൾ പറയുന്നു. കോണ്‍ഗ്രസില്‍ നിന്ന് മുഖ്യമന്ത്രിയാകാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനേക്കാള്‍ യോഗ്യന്‍ രമേശ് ചെന്നിത്തലയാണ് എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ സമീപകാല പ്രസ്താവന. ബിഡിജെഎസ് യുഡിഎഫിന്റെ ഭാഗമായാൽ പരമാവധി ഈഴവ വോട്ടുകളെ തങ്ങളുടെ ചേരിയിലേക്ക് കൊണ്ടുവന്ന് മധ്യകേരളത്തിൽ ശക്തി വർധിപ്പിക്കാമെന്ന് ചില കോൺഗ്രസ് നേതാക്കളെങ്കിലും കരുതുന്നുണ്ട്. നിലവിൽ യുഡിഎഫിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന ആർഎംപിയും യുഡിഎഫിന്റെ ഘടകകക്ഷി ആകുവാനുള്ള സാധ്യതകളുമുണ്ട്. നിലവിൽ കെ കെ രാമ ആർഎംപിയുടെ എംഎൽഎയാണ്. വടകര നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കെ കെ രമയെ പിന്തുണച്ചിരുന്നു. നിയമസഭയ്ക്ക് ഉള്ളിലും പുറത്തും യുഡിഎഫിന്റെ മുഖമായി പലപ്പോഴും കെ കെ രമ മാറിയിട്ടുണ്ട്. അതുപോലെതന്നെ വരുന്ന തെരഞ്ഞെടുപ്പിൽ കലാകാലങ്ങളായി യുഡിഎഫിനൊപ്പം ഉറച്ചു നിൽക്കുന്ന ഫോർവേഡ് ബ്ലോക്കിലെ ഡി ദേവരാജനും സിഎംപിയിലെ സിപി ജോണിനും വിജയ സാധ്യതയുള്ള സീറ്റുകളും നൽകുവാൻ സാധ്യതയുണ്ട്. തർക്കങ്ങളും വിവാദങ്ങളും ഉണ്ടാകാതെ പരമാവധി ഐക്യത്തോടെ യുഡിഎഫിനെ കെട്ടിപ്പടുക്കുകയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ലക്ഷ്യം.