തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷത്തിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അന്തിമരൂപം നൽകി. പാമ്പുകടിയേറ്റുള്ള മരണത്തിന് നാലു ലക്ഷം രൂപ ദുരന്തപ്രതികരണ നിധിയില്‍നിന്ന് നല്‍കും. പാമ്പ് കടിയേറ്റുള്ള മരണം പുതുക്കിയ മാനദണ്ഡപ്രകാരം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
വന്യമൃഗ സംഘര്‍ഷത്തെ പ്രതിരോധിക്കുന്നതിനിടയില്‍ കിണറുകള്‍, മതില്, വേലികള്‍, ഉണക്കുന്ന അറകള്‍, എം.എസ്.എം.ഇ. യൂണിറ്റുകള്‍ തുടങ്ങിയവയ്ക്ക് നാശനഷ്ടം സംഭവിച്ചാല്‍ പരമാവധി ഒരു ലക്ഷം രൂപയും അനുവദിക്കും. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ ആക്രമണത്തിന്റെ തീവ്രത കണക്കിലെടുത്ത്, കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആറിന് ചേർന്ന മന്ത്രിസഭാ യോഗം മനുഷ്യ-വന്യജീവി സംഘർഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നു.