യുഎസ് തെരെഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച വ്യാപാരത്തിനിടെ രൂപയുടെ മൂല്യം രണ്ട് പൈസ ഇടിഞ്ഞ് യുഎസ് ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 84.13 ലെത്തി. ഇന്നലെ ഡോളറിന് 84 രൂപ 11 പൈസയെന്ന നിരക്കിലേക്ക് താഴ്ന്ന രൂപയുടെ മൂല്യമാണ് ഇന്ന് വീണ്ടും ഇടിഞ്ഞത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള നിക്ഷേപകരുടെ ആശങ്കയും ഇന്ത്യൻ ഓഹരികൾ വിറ്റഴിച്ച് വിദേശ നിക്ഷേപകർ ചൈനയിലേക്ക് നീങ്ങുന്നതും രൂപയ്ക്ക് തിരിച്ചടിയായി. തുടർന്ന് രൂപയുടെ മൂല്യം തിങ്കളാഴ്ച ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ അവസാനിക്കുകയും 84.13 എന്ന പുതിയ താഴ്ചയിൽ ദിവസം ആരംഭിക്കുകയും ചെയ്തു.
ഫെഡറൽ റിസർവിൻ്റെ പണനയ പ്രഖ്യാപനത്തോടെ വിപണികൾ സാധ്യമായ ഏറ്റക്കുറച്ചിലുകൾക്ക് തയ്യാറെടുക്കുമെന്ന് ഫോറെക്സ് വ്യാപാരികൾ സൂചിപ്പിച്ചു.