കീവ്: സമാധാന ചര്‍ച്ചകള്‍ക്കിടെ യുക്രെയ്നില്‍ ആക്രമണം ശക്തമാക്കി റഷ്യ. 25 പേര് മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നാല്പതിലധികം പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരില്‍ കുട്ടികളും ഉള്‍പ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. ഖര്‍കീവിലും ഒഡേസയിലും വീടുകള്‍ തകര്‍ന്നു. ഡൊണട്സ്കില്‍ 11 പേര് കൊല്ലപ്പെട്ടു.
യുദ്ധം അവസാനിപ്പിക്കാന്‍ എന്തും ചെയ്യാന്‍ സന്നദ്ധമെന്ന് യുക്രെയ്ന് പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്കി പറഞ്ഞു. സമാധാനം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണം, അതിനുളള നടപടികള്‍ ഒരുമിച്ച് കൈകൊളളണമെന്നും സെലന്‍സ്കി പറഞ്ഞു. കിവിയില്‍ വെച്ച് നടന്ന യുക്രെയ്ന്-യുകെ നയതന്ത്രജ്ഞര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് വ്ളാഡിമിര്‍ സെലന്‍സ്കി ഇക്കാര്യം പറഞ്ഞത്.