പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധന. ക്രിസ്മസ് അവധിക്കാലം ആയതിനാൽ സന്നിധാനത്തെ എത്തുന്ന കുഞ്ഞ് അയ്യപ്പന്മാരും മാളികപ്പുറങ്ങളും നിരവധിയാണെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. കുട്ടികൾക്കായി പ്രത്യേക വരികളും ഉദ്യോഗസ്ഥരുടെ സഹായവും കുട്ടികളുമായി സന്നിധാനത്ത് എത്തുന്നവരുടെ സുഗമമായ ദർശനത്തിന് വഴിയൊരുക്കുന്നു. പതിനെട്ടാം പടി കയറുന്നതിനിടെ കൂട്ടം തെറ്റുന്ന കുട്ടികളെ പോലീസ് ഉദ്യോഗസ്ഥർ രക്ഷിതാക്കളെ ഏൽപ്പിക്കുന്നതും സുരക്ഷിതമായ സാഹചര്യങ്ങൾക്ക് കാരണമാണ്.
ഡിസംബർ 18 മുതൽ 22 വരെ ഇരുപത്തിയാറായിരത്തിലേറെ കുട്ടികൾ സന്നിധാനത്ത് എത്തിയെന്നാണ് പോലീസിന്റെ ഏകദേശ കണക്ക്. ഈ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ കുട്ടികളെത്തിയത് ഡിസംബർ 19നാണ്-7138 പേർ. ഡിസംബർ 20ന് 6618 കുട്ടികളും 18ന് 5337 കുട്ടികളും ദർശനത്തിന് എത്തിയെന്നാണ് കണക്കുകൾ. മറ്റു ദിവസങ്ങളെ അപേക്ഷിച്ച് താരതമ്യേന തിരക്ക് കുറഞ്ഞ 21,22 തിയതികളിൽ 3985, 3665 എന്നിങ്ങനെയാണ് കുട്ടികളുടെ എണ്ണം. ഡിസംബർ ഇരുപത്തിമൂന്നിനും തിരക്ക് അനുഭവപ്പെട്ടു.
കുട്ടികളുടെ കൈയിൽ അണിയിക്കുന്ന റിസ്റ്റ് ബാൻഡിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സന്നിധാനത്ത് എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം ഡിസംബർ 21 വരെ 2,24,768 പേരാണ് റിസ്റ്റ് ബാൻഡ് അണിഞ്ഞു സന്നിധാനത്ത് എത്തിയിട്ടുള്ളത്. കഴിഞ്ഞവർഷം ഇത് 1,70,042 ആയിരുന്നു.