മുബൈ: മോഷണശ്രമത്തിനിടെ അക്രമിയുടെ കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ബോളിവുഡ് താരം സെയ്ഫ് അലി ഖാന് വേഗത്തിൽ ഇൻഷുറൻസ് തുക അനുവദിച്ചതിൽ ആശങ്ക അറിയിച്ച് ഡോക്ടർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് മെഡിക്കൽ കൺസൾട്ടൻ്റ്സ് (എഎംസി). എങ്ങനെയാണ് ഇത്ര വേഗം സെയ്ഫിനു 25 ലക്ഷം രൂപ അനുവദിച്ചതെന്നാണ് സംഘടനയുടെ ചോദ്യം.
ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സ തേടിയ സെയ്ഫിനു ആശുപത്രിയിൽ പ്രവേശിപ്പിച്ച് മണിക്കൂറുകൾക്കുള്ളിലാണ് കാഷ് ലെസ്സായി 25 ലക്ഷം രൂപ അനുവദിച്ചു. സെലിബ്രിറ്റികൾക്ക് സാധാരണ ആളുകളേക്കാൾ മുൻഗണനയുണ്ടെന്ന് തെളിയിക്കുന്നതാണ് ആശുപത്രിയുടെ നടപടിയെന്ന് എഎംസി ആരോപിച്ചു. കൂടാതെ ആരോഗ്യ ഇൻഷുറൻസ് വിദഗ്ധൻ നിഖിൽ ഝായും രംഗത്തെത്തി. സാധാരണയായി ക്ലെയിം ലഭിക്കുന്നതിന് മുൻപ് എഫ്ഐആർ ഉൾപ്പെടെയുള്ള രേഖകൾ വേണ്ടി വരാറുണ്ട്. എന്നാൽ ഇവിടെ അതിവേഗം തുക അനുവദിച്ചുവെന്ന് നിഖിൽ എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.