തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം ജീവനക്കാർക്ക് ശമ്പളം വൈകി. ട്രഷറിയിലെ സോഫ്റ്റ്വെയറിലുണ്ടായ സാങ്കേതിക തകരാറാണ് ശമ്പള വിതരണം വൈകാൻ കാരണമായതെന്ന് ട്രഷറി അധികൃതർ അറിയിച്ചു. എന്നിരുന്നാലും രാത്രിക്ക് മുമ്പ് മുഴുവൻ ജീവനക്കാരുടേയും ശമ്പളം നൽകുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. സാധാരണ എല്ലാ മാസവും ഒന്നാം തീയതി രാവിലെ തന്നെ ജീവനക്കാർ ശമ്പളം കൈപറ്റാറുണ്ടായിരുന്നു. എന്നാൽ, ഈ മാസം വൈകുന്നേരമായിട്ടും പല വകുപ്പുകളിലും ശമ്പളം എത്താത്ത സാഹചര്യമുണ്ടായി.
അതേസമയം, ഏതാനും മാസം മുമ്പ് ചില വകുപ്പുകളിലെ ജീവനക്കാർക്ക് ശമ്പളം നേരത്തെ തന്നെ ലഭിച്ചിരുന്നു. ഒരു ജീവനക്കാരന്റെ പിഴവ് മൂലമാണ് അന്ന് ശമ്പളം ഒരു ദിവസം മുൻപെ നൽകിയ സാഹചര്യമുണ്ടായത്. ഈ പ്രശ്നം ആവർത്തിക്കാതിരിക്കാൻ ഘട്ടം ഘട്ടമായി ശമ്പളം വിതരണം ചെയ്യുന്ന സംവിധാനം നടപ്പാക്കിയതായും ട്രഷറി അധികൃതർ അറിയിച്ചു. വൈകിയെങ്കിലും രാത്രിയോടെ മുഴുവൻ ജീവനക്കാർക്കും ശമ്പളം ലഭ്യമാക്കുമെന്ന് അധികൃതർ ഇതിനോടകം ഉറപ്പുനൽകിയിട്ടുണ്ട്.