തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി അവസാനിക്കുന്നു. എല്ലാ മാസവും ഒന്നാം തിയതി ശമ്പളം നല്കുമെന്ന് മന്ത്രി കെബി ഗണേഷ്കുമാര്. ഈ മാസത്തെ ശമ്പളം ഇന്ന് വൈകിട്ട് മുതൽ നൽകും. സർക്കാരിന്റെ സഹായത്തോടെയാണ് ശമ്പളം നൽകുകയെന്നും ഗണേഷ് കുമാർ പറഞ്ഞു. 10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സർക്കാർ നൽകി, മാസം തോറും 50 കോടി സർക്കാർ തുടർന്ന് നൽകും.
ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കുന്നത്. എസ്ബിഐയിൽ നിന്ന് 100 കോടിയുടെ ഓവർഡ്രാഫ്റ്റ് എടുക്കും. സർക്കാർ പണം നല്കുമ്പോൾ തിരിച്ചടയ്ക്കും. പെൻഷനും കൃത്യമായി കൊടുക്കും കൂടാതെ വരുമാനത്തിന്റെ 5% പെൻഷനായി മാറ്റി വക്കും. രണ്ട് മാസത്തിനകം പെൻഷനും കൃത്യമായി വിതരണം ചെയ്യാനാവുമെന്നും പിഎഫ് ആനുകൂല്യങ്ങളും ഉടൻ കൃത്യമായി കൊടുക്കാനാകുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.