തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ശമ്പളവിതരണം കൃത്യമാക്കണമെന്നാവശ്യപ്പെട്ട് സമരംചെയ്ത സംഭവത്തിൽ ജീവനക്കാരുടെ ശമ്പളം വൈകില്ല. സമരത്തില്‍ പങ്കെടുത്ത ജീവനക്കാരുടെ ശമ്പള ബില്ലുകള്‍ മറ്റ് ജീവനക്കാര്‍ക്കൊപ്പം സ്പാര്‍ക്ക് വെബ്സൈറ്റില്‍ ഉൾപ്പെടുത്താൻ ഉത്തരവിറങ്ങി. ഡയസ്നോണ്‍ എന്‍ട്രി വരുന്ന ജീവനക്കാരുടെ ഫ്രെബുവരി മാസത്തെ ശമ്പള ബില്ലുകള്‍ പ്രത്യേകമായി പ്രോസസ് ചെയ്യേണ്ടതില്ലെന്നും ഇവ മറ്റു ബില്ലുകള്‍ക്കൊപ്പം പ്രോസസ് ചെയ്ത് സമയബന്ധിതമായി അപ്രൂവല്‍ കൊടുക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കെ.എസ്.ആര്.ടി.സി.യില്‍ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ (ടി.ഡി.എഫ്.) നേതൃത്വത്തില്‍ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കിയത് ഫെബ്രുവരി നാലിനാണ്. വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ശമ്പളവും പെന്‍ഷനും ഒന്നാം തീയതി വിതരണം ചെയ്യുക, ശമ്പള പരിഷ്കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, ഡി.എ.കുടിശ്ശിക പൂര്‍ണമായും അനുവദിക്കുക, ബസ് റൂട്ടുകള്‍ സ്വകാര്യവത്കരിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങി 12 ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
ഇതിന് പിന്നാലെയാണ് കെ.എസ്.ആര്.ടി.സി. മാനേജ്മെന്റ്, സമരംചെയ്ത ടി.ഡി.എഫ്. പ്രവര്‍ത്തകരുടെ ശമ്പളം വൈകിപ്പിക്കാന്‍ നീക്കം നടത്തിയത്. പണിമുടക്കിയവരുടെ ശമ്പള ബില്‍ സ്പാര്‍ക്ക് സെല്ലിന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ അനുവദിക്കാവൂ എന്ന് യൂണിറ്റ് അധികാരികള്‍ക്കും സോണല്‍ മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയെന്നായിരുന്നു വാര്‍ത്തകള്‍. പണിമുടക്കാത്തവരുടെ ശമ്പള ബില്ലുകള്‍ കൃത്യസമയത്തുതന്നെ കൊടുക്കണമെന്നും ചീഫ് അക്കൗണ്ട് ഓഫീസര്‍ ആവശ്യപ്പെട്ടിരുന്നു.
ഇതോടെ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നു. ശമ്പളവിതരണം കൃത്യമാക്കണമെന്ന ആവശ്യം മുന്നോട്ടു വെച്ചായിരുന്നു ടി.ഡി.എഫിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സമരം നടത്തിയത്. സര്‍ക്കാരും കെ.എസ്.ആര്.ടി.സി. മാനേജുമെന്റും സമരത്തെ നേരിട്ടത് ഡയസ്നോണ്‍ പ്രഖ്യാപിച്ചുകൊണ്ടാണ്. ഇതിന് പുറമേയാണ് ശമ്പളം വൈകിപ്പിക്കാന്‍ ശ്രമം നടന്നതും. ഇതോടെ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്നും ടി.ഡി.എഫ്. അറിയിച്ചിരുന്നു. കെ.എസ്.ആര്.ടി.സി. ഉത്തരവ് തിരുത്തിയത് ഇതിനുപിന്നാലെയാണ്.