ബാങ്കോക്ക്: തായ്ലന്റില് സ്വവര്‍ഗ വിവാഹ നിയമം പ്രാബല്യത്തില്‍ വന്നു. നിലവിൽ വന്ന പുതിയ തായ് നിയമപ്രകാരം എല്‍.ജി.ബി.ടി.ക്യു+ ദമ്പതികള്‍ക്ക് വിവാഹനിശ്ചയം നടത്താനും വിവാഹം കഴിക്കാനും അവരുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനും അനന്തരാവകാശം നേടാനും കുട്ടികളെ ദത്തെടുക്കാനും മറ്റേതൊരു ദമ്പതികള്‍ക്കുമുള്ള അവകാശം പോലെ തന്നെ ആയിരിക്കും. രാജ്യത്തുടനീളമുള്ള 878 ജില്ലാ ഓഫീസുകളിൽ സ്വവര്‍ഗ ദമ്പതികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും വിവാഹം കഴിക്കാനും സാധിക്കും. ഇതോടെ തുല്യ വിവാഹം അംഗീകരിക്കുന്ന തെക്കുകിഴക്കന്‍ ഏഷ്യയിലെ ആദ്യത്തെ രാജ്യമായും ഏഷ്യയിലെ മൂന്നാമത്തെ രാജ്യമായും തായ്ലന്ഡ് മാറും.
തലസ്ഥാനത്ത് 300 ദമ്പതികള്‍ കൂട്ട വിവാഹത്തില്‍ പങ്കെടുക്കുമെന്ന് കരുതുന്നു. തുടര്‍ന്ന് പ്രധാനമന്ത്രി പെറ്റോങ്താര്‍ണ്‍ ഷിനാവത്രയുടെ റെക്കോര്‍ഡ് ചെയ്ത വിഡിയോ അഭിസംബോധനയും ഡ്രാഗ് ക്വീന്‍ പ്രകടനങ്ങളും പ്രദര്‍ശനങ്ങളും നടക്കും. രാജ്യത്തുടനീളം സമാനമായ ഒത്തുചേരലുകള്‍ ഉണ്ട്. വടക്ക് ചിയാങ് മായ്, ഖോണ് കെയ്ന്‍ എന്നിവിടങ്ങളില്‍ നിന്ന് തെക്ക് ഫൂക്കറ്റ് വരെ രാജ്യവ്യാപകമായി ആഘോഷങ്ങള്‍ നടന്നുവരികയാണ്. ഈ മാറ്റത്തിലേക്ക് വിവിധ കടമ്പകള്‍ ഉണ്ടായിരുന്നുവെന്ന് എല്‍.ജി.ബി.ടി.ക്യു അവകാശ പ്രവര്‍ത്തകനും ബാങ്കോക്കിലെ പരിപാടിയുടെ സംഘാടകനുമായ ആന്‍ വാഡാവോ ചുമപോര്ണ് പറഞ്ഞു.