തിരുവനന്തപുരം: ഗോധ്ര കലാപം ആസ്പദമാക്കി ഒരുക്കിയ ‘ദ സബര്‍മതി റിപ്പോര്‍ട്ട്’ എന്ന ചിത്രം സൗജന്യമായി പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി സംഘപരിവാര്‍. എംമ്പുരാൻ എന്ന ചിത്രത്തിന് ബദലായി ആകും ദ സബര്‍മതി റിപ്പോര്‍ട്ട് എന്ന ചിത്രം പ്രദർശിപ്പിക്കുക. തിങ്കളാഴ്ച തിരുവനന്തപുരം എരീസ് പ്ലക്സിലാണ് ആദ്യ പ്രദർശനം. കഴിഞ്ഞ വർഷം ഇറങ്ങിയ ചിത്രം അസീം അറോറയുടെ കഥയെ ആസ്പദമാക്കി ധീരജ് സര്‍ണയാണ് സംവിധാനം ചെയ്തത്.
വിക്രാന്ത് മാസി, റാഷി ഖന്ന, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. അതേസമയം എമ്പുരാന് റിലീസിന് പിന്നാലെ വന്ന വിവാദത്തെ തുടര്‍ന്ന് റീ എഡിറ്റ് ചെയ്ത സിനിമയാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. 24 കട്ടുകളാണ് ചിത്രത്തില്‍ ചെയ്തിരിക്കുന്നത്.
ചിത്രത്തിലെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമം സീനുകള്‍ മുഴുവന്‍ ഒഴിവാക്കിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന ഭാഗവും ചിത്രത്തിൽ നിന്ന് നീക്കിയിട്ടുണ്ട്. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബജ്രംഗി എന്നത് മാറ്റി ബല്‍ദേവ് എന്നാക്കിയിട്ടുണ്ട്. സിനിമ ഇറങ്ങിയതിന് പിന്നാലെ കടുത്ത വിമർശനങ്ങളായിരുന്നു സംഘപരിവാർ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ നടത്തിയത്.