തിരുവനന്തപുരം: തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യങ്ങൾ തള്ളിയ സംഭവത്തിൽ കേരളത്തിൽ നിന്നുള്ള ഏജൻസിയെ കരിമ്പട്ടികയിൽപെടുത്തി ശുചിത്വ മിഷൻ. സൺ ഏജ് ഇക്കോ സിസ്റ്റം എന്ന ഏജൻസിയെയാണ് കരിമ്പട്ടികയിൽപെടുത്തിയത്.
തിരുനെൽവേലിയില്‍ മാലിന്യം തള്ളിയെന്ന മാധ്യമ വാർത്തകൾക്ക് പിന്നാലെ ഹരിത ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. ഇതിനുപിന്നാലെ കാരണം കാണിക്കൽ നോട്ടിസ് ഏജൻസിക്ക് നൽകിയിരുന്നു. ശുചിത്വ മിഷന്റെ കാരണം കാണിക്കൽ നോട്ടിസിന് മറുപടി നൽകാതിരുന്നതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. നിലവിൽ 3 വർഷത്തേക്കാണ് കരിമ്പട്ടികയിൽപ്പെടുത്തിയത്. അജൈവ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിലേയ്ക്ക് ശുചിത്വ മിഷൻ നൽകിയ എംപാനൽമെന്റും റദ്ദ് ചെയ്യുകയും ഏജൻസിയുടെ നിയമവിരുദ്ധ പ്രവൃത്തി കാരണം സർക്കാരിനുണ്ടാകുന്ന മുഴുവൻ ചെലവുകളും ഏജൻസിയുടെ ബാധ്യതയായിരിക്കുമെന്നും ശുചിത്വ മിഷൻ അറിയിച്ചു.
തിരുനെല്‍വേലിയിലെ കൊടകനല്ലൂര്‍, നടുക്കല്ലൂര്‍, പലാവൂര്‍ ഭാഗങ്ങളിലാണ് ട്രക്കുകളില്‍ എത്തിച്ച മാലിന്യം തള്ളിയത്. റീജനൽ കാൻസർ സെന്ററിലെയും (ആർസിസിസി) ഉള്ളൂർ ക്രെഡൻസ് ആശുപത്രിയിലെയും മാലിന്യങ്ങളാണ് തിരുനെൽവേലിയിൽ തള്ളിയത്.