കണ്ണൂർ: ശ്രീകണ്ഠപുരം വളക്കൈയിൽ ഉണ്ടായ സ്കൂൾ ബസ് അപകടത്തിൽ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. അപകട സമയത്ത് ബ്രേക്കിന് തകരാറുണ്ടെന്ന ഡ്രൈവറുടെ വാദം മോട്ടോർ വാഹന വകുപ്പ് തള്ളി. പ്രാഥമിക പരിശോധനയിൽ ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് നിഗമനം. അപകട സമയത്ത് ബസ്സിന്റെ ബ്രേക്കിന് തകരാർ സംഭവിച്ചതായി ഡ്രൈവർ നിസ്സാമുദ്ദീൻ പറഞ്ഞിരുന്നു. എന്നാൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ ബ്രേക്കിന് തകരാറൊന്നും കണ്ടെത്തിയില്ല.
അപകടം നടക്കുമ്പോൾ നിസാമുദീൻ മൊബൈൽ ഫോൺ ഉപയോഗിച്ചതായി സംശയമുണ്ട്. ബസ് മറിഞ്ഞ അതേസമയം നിസാമുദീന്റെ വാട്സാപ്പിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ആയിട്ടുണ്ട്. എന്നാൽ നിസാമുദ്ദീൻ ഈ വാദം അഗീകരിക്കുന്നില്ല. സ്കൂളിൽ വച്ച് ഇട്ട സ്റ്റാറ്റസ് നെറ്റ് വർക്ക് ഇല്ലാത്തതിനാൽ ആ സമയത്ത് അപ്ഡേറ്റ് ആയതാകുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ പരുക്കേറ്റ നിസാമുദീൻ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച വൈകിട്ട് നാലിനായിരുന്നു സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് കുറുമാത്തൂർ ചിന്മയ വിദ്യാലയയിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ചത്. നിരവധി വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു.