തിയേറ്ററിൽ വമ്പിച്ച വിജയവുമായി മുന്നോട്ട് കുതിക്കുന്ന വാഴയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. ആദ്യ ഭാഗത്തിൽ ചെറിയ റോളുകളിലെത്തിയ സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിറും ടീമുമാണ് രണ്ടാം ഭാഗത്തിൽ പ്രധാനകഥാപാത്രത്തിലെത്തുക.
വാഴ 2, ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. വാഴ ബയോപിക് ഓഫ് ബില്യണ്‍ ബോയ്സ് എന്നായിരുന്നു ആദ്യ ഭാഗത്തിന്റെ പേര്. രണ്ടാം ഭാഗത്തിനുള്ള സൂചന നൽകികൊണ്ടായിരുന്നു ആദ്യ ഭാഗം അവസാനിച്ചത്. ഇപ്പോൾ തിരക്കഥാകൃത്ത് വിപിന്‍ദാസ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു.
സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരായ ഹാഷിർ, അജിൻ ജോയ്, വിനായകൻ, അലൻ എന്നിവരടങ്ങുന്ന ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് വിപിൻ ദാസ് പ്രഖ്യാപനം നടത്തിയത്. സോഷ്യൽ മീഡിയയിൽ താരങ്ങളായ ഹാഷിറിനും ടീമിനും വമ്പൻ സ്വീകരണമാണ് തിയേറ്ററിലും സിനിമയുടെ പ്രൊമോഷൻ സമയത്തും ലഭിച്ചത്.
ഓഗസ്റ്റ് 15ന് തിയേറ്ററിലെത്തിയ വാഴ ആദ്യ ഭാഗം മികച്ച കളക്ഷനോടെ മുന്നേറുകയാണ്. സിജു സണ്ണി, ജോമോൻ ജോതിർ, സാഫ് ബോയ്, അനുരാജ് ഒ.ബി, അമിത് മോഹന്‍ രാജേശ്വരി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ഇവര്‍ക്കൊപ്പം ജഗദീഷ്, കോട്ടയം നസീര്‍, അസീസ് നെടുമങ്ങാട്, നോബി മാര്‍ക്കോസ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.