കൊച്ചി: സംസ്ഥാനത്തിന്റെ വിനോദസഞ്ചാരത്തിനു പുത്തനുണർവ് നൽകാൻ സീ പ്ലെയിൻ എത്തി. മാട്ടുപ്പെട്ടി റിസർവോയറിൽ പറന്നിറങ്ങിയ ജലവിമാനത്തിന്റെ പരീക്ഷണ പറക്കൽ വിജയമായി. കൊച്ചിയിലെ ബോൾഗാട്ടിയിൽ നിന്നും ആരംഭിച്ച പരീക്ഷണ പറക്കൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു.
രാവിലെ 10.30 ന് ബോൾഗാട്ടിയിൽ നിന്നും ടേക്ക് ഓഫ് ചെയ്ത ജലവിമാനം രാവിലെ ഏകദേശം 11 മണിയോടുകൂടി തന്നെ മാട്ടുപ്പെട്ടി റിസർവോയറിൽ ലാൻഡ് ചെയ്തു. മാട്ടുപ്പെട്ടി ഡാം ആനത്താരയുടെ ഭാഗമായതിനാൽ വനം വകുപ്പ് ആശങ്കയറിയിച്ചിരുന്നു. എന്നാൽ പരീക്ഷണ പറക്കലിന് തടസങ്ങൾ ഇല്ല.
12 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനത്തിന്റെ പ്രത്യേകത കരയിലും വെള്ളത്തിലും ഒരുപോലെ ലാൻഡ് ചെയ്യാനാകും എന്നതാണ്. 2 മീറ്റർ ആഴമുള്ള ഏത് പ്രദേശങ്ങളിലും ജലവിമാനത്തിന് പറന്നിറങ്ങാം. പരീക്ഷണ പറക്കൽ വിജയമായതിനാൽ ആറ് മാസങ്ങൾക്കകം കേരളത്തിലെ വിവിധ ജലാശയങ്ങളിലെല്ലം ഈ പദ്ധതി സാധ്യമാകും എന്ന പ്രതീക്ഷയിലാണ് കേരളം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊണ്ട് വന്ന പദ്ധതിയാണിത്. ജലവിമാനം യാഥാർഥ്യമാകുന്നതോടെ ഇടുക്കിയിലേക്ക് കൊച്ചിയിൽ നിന്ന് വരാനെടുക്കുന്ന സമയം ഏകദേശം 5 മണിക്കൂറിൽ നിന്ന് ഏകദേശം അര മണിക്കൂറായി കുറയും. പദ്ധതി കേരളത്തിന്റെ ടൂറിസം മേഖലക്ക് പുത്തനുണർവ് നൽകും