റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനകള്‍ കർശനമാക്കി. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നവംബര്‍ 21 മുതല്‍ 27 വരെയുള്ള ദിവസങ്ങളിൽ പത്തൊൻപതിനായിരത്തോളം പേരെ പിടികൂടി. നിയമലംഘകരായ പതിനായിരത്തോളം പേരെ നാടുകടത്തി.
സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടും നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിലാണ് പ്രതികൾ പിടിക്കപ്പെട്ടത്. ഇവർക്ക് വിവിധ സഹായങ്ങൾ നൽകിയ 22 പേര് കൂടി പിടിയിലായിട്ടുണ്ട്.
സംഭവത്തിത്തെ തുടർന്ന് അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് എത്തുന്നവർക്ക് ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുന്നവർക്ക് 15 വർഷം വരെ തടവുശിക്ഷയും 10 ലക്ഷം റിയാൽ വരെ പിഴയും ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു. കൂടാതെ പ്രതികളുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തും. കടത്തിന് ഉപയോഗിച്ച വാഹനങ്ങൾ, വസതികൾ എന്നിവ കണ്ടുകെട്ടും.
ഇത്തരത്തിൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ മക്ക, റിയാദ് എന്നീ പ്രവിശ്യകളിൽ നിന്നുള്ളവർ 911 എന്ന നമ്പറിലും മറ്റുള്ള പ്രവിശ്യയിൽനിന്നുള്ളവർ 999, 996 എന്നീ നമ്പറുകളിലും വിളിച്ചറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.