മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ഉത്സവത്തിനിടെ സംഘർഷമുണ്ടാക്കിയ കേസില്‍ ഏഴ് പേർ പിടിയില്‍. കൊടശ്ശേരി സ്വദേശികളായ തോരൻ സുനീർ, ആനക്കോട്ടില്‍ വീട്ടില്‍ വിജു, തോട്ടുങ്ങല്‍ അരുണ്‍ പ്രസാദ്, ചുള്ളിക്കുളവൻ ഷംനാൻ, ചെമ്ബ്രശ്ശേരി സ്വദേശി ബൈജു , കൊടശ്ശേരി സ്വദേശികളായ കാരക്കാടൻ സനൂപ്, ആനക്കോട്ടില്‍ സുമിത്ത് എന്നിവരാണ് പിടിയിലായത്. എന്നാല്‍ ഉത്സവത്തിനിടെ വെടിവെച്ച യുവാവിനെ ഇതുവരെ പിടികൂടാനായിട്ടില്ല.
വെള്ളിയാഴ്ച നടന്ന ഉത്സവത്തില്‍ കൊടശ്ശേരി സ്വദേശികളും ചെമ്ബ്രശ്ശേരി സ്വദേശികളും തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തില്‍ ചെമ്ബ്രശ്ശേരി സ്വദേശിയായ ലുഖ്മാന് വെടിയേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ലുഖ്മാൻ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ചീട്ട് കളിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്.