വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിലെ എല്ലാ മുന്നണികളെ സംബന്ധിച്ചും പാർട്ടികളെ സംബന്ധിച്ചും അതീവ നിർണായകമാണ്. ഏതു വിധേനയും ജയിക്കുവാനുള്ള തത്രപ്പാടുകളിൽ ആണ് ഓരോ മുന്നണിയും പാർട്ടികളും. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കർട്ടൻ റൈസർ ആയിട്ടാണ് പാർട്ടികൾ കരുതുന്നത്. അതുകൊണ്ടുതന്നെ പരമാവധി നഗരസഭകളും ഗ്രാമപഞ്ചായത്തുകളും പിടിച്ചെടുക്കുവാനുള്ള പ്രവർത്തനങ്ങൾ പാർട്ടികൾ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.
നിലവിൽ സംസ്ഥാനത്ത് നല്ലൊരു ശതമാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഭരിക്കുന്നത് ഇടതുമുന്നണിയാണ്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടായിരുന്ന സമവാക്യങ്ങൾ അല്ല പ്രാദേശിക തലങ്ങളിൽ ഉള്ളത്. ചെറിയ പാർട്ടികൾ പലതും ശക്തി ക്ഷയിച്ച് ഇല്ലാതെയായിരിക്കുന്നു. പലയിടങ്ങളിലും രാഷ്ട്രീയ സംഘടനകൾ തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരാനുള്ള സാധ്യതകളുണ്ട്. പല വ്യക്തികളും പാർട്ടിക്ക് അപ്പുറത്തേക്ക് ജനങ്ങൾക്കിടയിൽ സ്വീകാര്യത ഉണ്ടാക്കി കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യങ്ങൾ എല്ലാം ഏറെക്കുറെ ആർക്കൊപ്പം ആകും തദ്ദേശസ്ഥാപനങ്ങൾ നിലകൊള്ളുക എന്നതിൽ വിഭിന്നമായ നിരീക്ഷണങ്ങളാണ് പങ്കുവയ്ക്കപ്പെടുന്നത്.
യുഡിഎഫ് എൽഡിഎഫ് മുന്നണികൾക്ക് അപ്പുറത്തേക്ക് ബിജെപിക്കും വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അങ്ങേയറ്റം നിർണായകം തന്നെയാണ്. പുതിയ സംസ്ഥാന പ്രസിഡണ്ടായി രാജീവ് ചന്ദ്രശേഖർ ചുമതല ഏറ്റതിനുശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ്. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി ചെറിയ മുന്നേറ്റം ഉണ്ടാക്കിയിരുന്നു. നിലനിർത്തുകയും അതിനേക്കാൾ വലിയ വിജയത്തിലേക്ക് പാർട്ടി എത്തിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം രാജീവിന് ഉണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട്, പന്തളം നഗരസഭകൾ നിലനിർത്തേണ്ടത് ബിജെപിക്ക് അഭിമാനപ്രശ്നമാണ്. പന്തളത്തും പാലക്കാടും പാർട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങൾ തൽക്കാലത്തേക്ക് പരിഹരിക്കാൻ സാധിച്ചെങ്കിലും വീണ്ടുമൊരു പൊട്ടിത്തെറി ഉണ്ടായാൽ ഭരണംവരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. പാലക്കാടിനും പന്തളത്തിന് പുറമേ, ബിജെപി ലക്ഷ്യംവെക്കുന്ന തിരുവനന്തപുരം കോർപറേഷൻ പിടിക്കാനുള്ള തന്ത്രങ്ങൾക്കും ജില്ലാ ഘടകത്തെ ഒത്തുചേർത്ത് രാജീവിന് രൂപം നൽകേണ്ടതുണ്ട്. കൂടാതെ, ബിജെപി മുന്നേറ്റം ലക്ഷ്യമിടുന്ന തൃശൂർ, കോഴിക്കോട് കോർപറേഷനുകൾക്കു വേണ്ടിയും പുതിയ തന്ത്രങ്ങൾ മെനയണം.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ ആദ്യം ആരംഭിച്ചത് കോൺഗ്രസ് ആണെന്ന് തന്നെ പറയാം. കഴിഞ്ഞമാസം തന്നെ കുടുംബ സംഗമങ്ങൾ ആരംഭിച്ചിരുന്നു. മാസത്തിൽ ഒരിക്കൽ വാർഡിലെ എല്ലാ വീടുകളും സന്ദർശിക്കാനും കുടുംബ രജിസ്റ്റർ തയ്യാറാക്കാനും നിർദേശം നൽകിയിട്ടുണ്ട്. വാർഡ് പ്രസിഡന്റുമാർക്കുള്ള പുതിയ മാർഗരേഖ കെപിസിസി പുറത്തിറക്കിയിരുന്നു. വാർഡിലെ ഒരോ വീടിനെയും കുറിച്ചും സമഗ്ര വിവരങ്ങൾ അടങ്ങിയ സർവേ നടത്തി വീടുകയറി ബന്ധങ്ങൾ ദൃഢമാക്കാനാണ് പദ്ധതി.
വാർഡിലെ ഓരോ കുടുംബത്തിലെയും അംഗങ്ങളുടെ പേരും വിവരവും ഉൾപ്പെടുത്തിയതാവും കുടുംബ രജിസ്റ്റർ. മാസത്തിൽ ഒരു തവണ എങ്കിലും ഒരു വീട്ടിൽ വാർഡ് കമ്മറ്റി അംഗങ്ങൾ എത്തും. ഫ്ളാറ്റുകൾ, റസിഡൻസ് അസോസിയേഷൻ, കോളനികൾ എന്നിവിടങ്ങളിൽ ബന്ധം സ്ഥാപിക്കണം. മാസത്തിൽ രണ്ട് തവണ വാർഡ് കമ്മറ്റി ചേർന്ന് വാർഡിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യണം. സാംസ്കാരിക പ്രവർത്തനങ്ങളുടെ ഭാഗമായും കല്യാണ-മരണ വീടുകളിലെ സജീവ സാന്നിധ്യത്തിലൂടെയും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും മാർഗരേഖ നിർദേശിക്കുന്നു.
ജനങ്ങൾക്ക് ഉപകാരപ്രദമായ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികളിലൂടെ വോട്ടർമാരെ സഹായിക്കണമെന്ന നിർദേശത്തിനൊപ്പം പാർട്ടി സാന്നിധ്യം പൊതു ഇടങ്ങളിൽ ഉറപ്പാക്കാൻ കൊടിമരവും വാർത്താ ബോർഡും നിർബന്ധമായും വേണമെന്ന് നിർദേശിക്കുന്നു. പാർട്ടി പ്രവർത്തകരും നേതാക്കളും അടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് മുതൽ പാർട്ടി വാർത്തകൾ മറ്റ് പൊതു ഗ്രൂപ്പുകളിൽ എത്തിക്കാനുള്ള പദ്ധതികൾ വരെ വാർഡ് കമ്മറ്റികൾക്ക് കെപിസിസി കൈമാറി.
തദ്ദേശ തെരഞ്ഞെടുപ്പിലൂടെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കവും തുടങ്ങാനാണ് തീരുമാനം. കെപിസിസിയുടെ സംഘടനാ ചുമതലയുള്ള എം ലിജുവിന്റെ നേതൃത്വത്തിലാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 70 ശതമാനം പഞ്ചായത്തുകളിലും അധികാരത്തിലെത്താനാണ് പാർട്ടി തയ്യാറെടുപ്പ് നടത്തുന്നത്. പ്രവർത്തകർക്ക് ഇഷ്ടമുള്ളവരെയും പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽക്കുന്നവരെയും സ്ഥാനാർഥികളാക്കും.
പാർട്ടിക്കുള്ളിൽ ഉയരുന്ന വ്യത്യസ്ത നിലപാടുകളെല്ലാം മനസ്സിലാക്കി, എല്ലാവരെയും ഏകോപിപ്പിച്ച് മുന്നോട്ടുപോകും. ആർക്കെങ്കിലുമെതിരേ പാർട്ടിതല നടപടി എടുക്കേണ്ടിവന്നാൽ അവരെയത് ബോധ്യപ്പെടുത്തും. അവരുടെ വാദം കേൾക്കാനും സംവിധാനമൊരുക്കും. കോർപ്പറേഷനുകളിലും നഗരസഭകളിലും ഭരണത്തിലെത്താനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ പ്രധാന നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക വിഷയങ്ങൾ ഉയർത്തിക്കാട്ടിയുള്ള പ്രചാരണമാണ് ഉദ്ദേശിക്കുന്നത്.
ഇതിനിടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകളുടെ ചുമതല മൂന്നായി തിരിച്ച് ജനങ്ങൾക്കിടയിൽ സ്വീകാര്യതയുള്ള നേതാക്കൾക്ക് നൽകുന്നതും പാർട്ടി ആലോചിക്കുന്നു. വടക്കൻ കേരളത്തിന്റെ ചുമതല ഷാഫി പറമ്പിൽ എംപിയ്ക്കും മധ്യകേരളത്തിന്റെ ചുമതല ഡീൻ കുര്യാക്കോസ് എംപിയ്ക്കും തെക്കൻ കേരളത്തിന്റെ ചുമതല പിസി വിഷ്ണുനാഥ് എംഎൽഎയ്ക്കും നൽകുവാനാണ് കെപിസിസി നേതൃത്വം ആലോചിക്കുന്നത്.
അടുത്തമാസത്തോടെ മൂന്നായി തിരിഞ്ഞ് യാത്രകൾ സംഘടിപ്പിക്കുവാനും പരമാവധി ജനങ്ങളിലേക്ക് എത്തുവാനുമാണ് പാർട്ടി നിലവിൽ ആലോചിക്കുന്നത്. കോൺഗ്രസിന്റെ ഇന്നത്തെ തലമുറയിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് നേതാക്കളിലേക്ക് തദ്ദേശ പോരാട്ടത്തിന്റെ ഉത്തരവാദിത്വം ഏൽപ്പിക്കുമ്പോൾ കെപിസിസി നേതൃത്വത്തിന് പ്രതീക്ഷകൾ ഏറെയാണ്.