മികച്ച അഭിപ്രായത്തിനൊപ്പം കേരളത്തിന് പുറത്തും ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ്. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ , ഷെയിൻ നിഗം , ശ്രീനാഥ് ഭാസി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം മലയാളത്തിലെ തന്നെ എക്കാലത്തെയും മികച്ച ചിത്രമായിട്ടാണ് കണക്കാക്കുന്നത്. ഇപ്പോഴിതാ ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
മാർച്ച് ഏഴിന് പിവിആർ ഐനോക്സ് സ്ക്രീനുകളിൽ കുമ്പളങ്ങി നൈറ്റ്സ് റീ റിലീസ് ചെയ്യും. തിയേറ്ററിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. കുമ്പളങ്ങിയുടെ ദൃശ്യഭംഗി അതേപടി ക്യാമറയിൽ പകർത്തിയത് ഷൈജു ഖാലിദാണ് .
സുഷിന് ശ്യാം സംഗീത സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ സംഗീതത്തിനും ആരാധകർ ഏറെയാണ് . കൂടാതെ ചിത്രത്തിൽ ഷമ്മി എന്ന കഥാപാത്രമായുള്ള ഫഹദ് ഫാസിലിന്റെ പ്രകടനം ഏറെ കയ്യടികൾ നേടിയിരുന്നു. ബോളിവുഡ് നടി അനുഷ്ക ശർമ ഉൾപ്പെടെ നിരവധി പേർ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.