ഒടുവിൽ വിശ്വപൗരനായ ശശി തരൂരിനെ കോൺഗ്രസ് കൈവിടുകയാണ്. തുടർച്ചയായി പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന സമീപനങ്ങളാണ് തരൂരിനെ അവഗണിക്കുന്നതിലേക്ക് കോൺഗ്രസിനെ നയിച്ചിരിക്കുന്നത്. ഇടത് സര്‍ക്കാറിനെയും മോദിയെയും പ്രകീര്‍ത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം മുന്നോട്ടുവന്നത് ഇതിന്റെ തെളിവാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് മുഖപ്രസംഗത്തിലൂടെ വീക്ഷണം തരൂരിനെ ഓർമ്മിപ്പിക്കുന്നു. വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണെന്നാണ് മുഖപ്രസംഗം പറയുന്നത്.
സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിപ്പടരുമ്പോള്‍ അതിന് ഊര്‍ജം പകരേണ്ടവര്‍ തന്നെ അത് അണയ്ക്കാന്‍ വെള്ളം ഒഴിക്കരുതെന്നും വീക്ഷണം വിമര്‍ശിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പൊരുതുന്ന കോണ്‍ഗ്രസിനെ മുണ്ടില്‍ പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരമാണെന്നും വീക്ഷണം തരൂരിനെ ഓര്‍മിപ്പിക്കുന്നു. ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മോദിയെ പ്രശംസിച്ചതിനെയും പാർട്ടി മുഖപത്രം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ആയിരക്കണക്കിന് പ്രാദേശിക പ്രവര്‍ത്തകരുടെ അധ്വനത്തിന്ഡറെ വിളവെടുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പ്. എല്ലാ സാഹചര്യങ്ങളും എല്‍ഡിഎഫിന് പ്രതികൂലമായിട്ടും യുഡിഎഫിന് വിജയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് വലിയൊരു തിരിച്ചടിയിയാരിക്കുമെന്നും വീക്ഷണം തുറന്നടിക്കുന്നു.
കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പാക്കിമാറ്റിയത് സിപിഎം ആയിരുന്നെന്നും കോൺഗ്രസിലെ വ്യവസായ മന്ത്രിമാർ ദീഘവീക്ഷണത്തോടെ വകുപ്പുകൾ കൈകാര്യം ചെയ്തതെന്നും അവർക്ക് ഇല്ലാത്ത എന്ത് മിടുക്കൻ ഇപ്പോഴത്തെ വ്യവസായ മന്ത്രിക്കുള്ളതെന്നും മുഖപത്രം ചോദിക്കുന്നു. വ്യവസായ വകുപ്പ് മന്ത്രിമാരിൽ കുഞ്ഞാലിക്കുട്ടിയുടെ പേര് വീക്ഷണം എടുത്ത് പറഞ്ഞിരിക്കുന്നതും ബോധപൂർവമാണ്. ആദ്യ കരുണാകരൻ മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന പി കെ വാസുദേവൻ നായരുടെയോ, 1982ൽ കരുണകാരൻ്റെ നേതൃത്വത്തിലുണ്ടായിരുന്ന മന്ത്രിസഭയിൽ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇ അഹമ്മദിൻ്റെയോ പേര് മുഖ പ്രസംഗത്തിൽ എവിടെയും പരാമർശിക്കപ്പെടുന്നില്ല. ടി പി ശ്രീനിവാസനെ സമ്മേളന വേദിക്കരികെ അടിച്ചുവീഴ്ത്തിയതും പ്രശംസ അര്‍ഹിക്കുന്ന മാതൃകയാണോയെന്ന ചോദ്യവും വീക്ഷണം തരൂരിനോട് ഉന്നയിക്കുന്നുണ്ട്. ആരാച്ചാര്‍ക്ക് അഹിംസാ അവാര്‍ഡോ…? എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം ആരംഭിക്കുന്നത്.
അതേസമയം, സിപിഎം മുഖപത്രം ദേശാഭിമാനിയും സിപിഐ മുഖപത്രം ജനയുഗവും ശശി തരൂരിനെ പിന്തുണച്ച് രംഗത്തെത്തി. കോൺഗ്രസിനെ വിമർശിച്ചാണ് ദേശാഭിമാനിയുടെ മുഖപ്രസംഗം. ഈ നാട്ടിൽ ഒന്നും സംഭവിക്കുന്നില്ലെന്ന് പറയാൻ അസാമാന്യ തൊലിക്കട്ടിയും ഉളുപ്പും വേണം. പ്രതിപക്ഷ നേതാവും ഒരുപറ്റം കോൺഗ്രസുകാരും ചില മാധ്യമങ്ങളും ഈ ഗണത്തിൽപ്പെടും. ശശി തരൂരിനെയും ഇക്കൂട്ടർ തള്ളിപ്പറയുന്നുവെന്ന് ദേശാഭിമാനി കുറ്റപ്പെടുത്തുന്നു.ഒന്നിനെയും അംഗീകരിക്കില്ല എന്നതാണ് ഇവരുടെ നയമെന്നും കേന്ദ്രം കേരളത്തെ ദ്രോഹിക്കുമ്പോൾ കയ്യടിക്കുന്നുവെന്നും മുഖുപത്രത്തിൽ വിമർശനം. ഈ നീചമനസ്ഥിതി കേരളം തിരിച്ചറിയണമെന്ന് ദേശാഭിമാനി പറയുന്നു. ശശി തരൂരിന്റെ അഭിപ്രായം യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്നതെന്ന് ജനയുഗത്തിന്റെ മുഖപത്രം. വ്യക്തികളെയോ എൽഡിഎഫ് നേതാക്കളെയോ പ്രീണിപ്പിക്കുന്നതല്ല തരൂരിന്റെ ലേഖനമെന്നും ജനയുഗം വ്യക്തമാക്കി.
എന്നാൽ തന്നെ വിമർശിച്ച കോണ്‍ഗ്രസ് നേതാക്കളെ തള്ളി ശശി തരൂര്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ലേഖനത്തിലെ നിലപാടില്‍ ഉറച്ചുതന്നെ നിൽക്കുകയാണ് തരൂര്‍ പറയുകയുണ്ടായി. താന്‍ എഴുതിയ ലേഖനത്തില്‍ ഒരു തെറ്റും കാണുന്നില്ലെന്നും വിമര്‍ശിക്കുന്നവര്‍ അത് കാണിച്ചു തരട്ടെയെന്നും തരൂർ വ്യക്തമാക്കിയിരുന്നു. തരൂരിന്റെ സർക്കാരിനെ പുകഴ്ത്തിയുള്ള ലേഖനത്തെ ഏറെ വൈകാരികമായിട്ടാണ് പ്രവർത്തകർ കണ്ടത്. ഇതും നേതൃത്വത്തിന് ഉറച്ച ഒരു നിലപാട് സ്വീകരിക്കുന്നതിലേക്ക് നിർബന്ധിക്കുന്ന സാഹചര്യം ഉണ്ടായി. ഏതായാലും കോൺഗ്രസ് നേതൃത്വം അറിയാതെ വീക്ഷണം ഇത്തരമൊരു മുഖപ്രസംഗം പ്രസിദ്ധീകരിക്കപ്പെടുകയില്ല. അതുകൊണ്ടുതന്നെ കോൺഗ്രസിന്റെ നിലപാടായി തന്നെ ഇതിനെ കാണാം. അതായത് തരൂർ എവിടെ പോയാലും, അത് ഇനി ബിജെപി ആയാലും സിപിഎം ആണെങ്കിലും തങ്ങൾക്ക് ഒരു പ്രശ്നവും ഇല്ലെന്ന് കോൺഗ്രസ് പറയാതെ പറയുകയാണ്…