വിദ്യാർത്ഥി-യുവജന സംഘടനകളുടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ആളൊന്നുമല്ല ശശി തരൂർ. അതുകൊണ്ടുതന്നെ കോൺഗ്രസിനോട് തരൂരിന് അത്രകണ്ട് ആത്മാർത്ഥമായ പ്രതിബദ്ധതയൊന്നുമില്ല. നാലുതവണ എംപിയായി എന്നതിനപ്പുറത്തേക്ക് കോൺഗ്രസിന്റെ പ്രാദേശികമായ യാതൊരു സ്ഥാനമാനങ്ങളിലും അദ്ദേഹം ഒരു നിമിഷം പോലും ഇരുന്നിട്ടുമില്ല. അയാൾക്കുവേണ്ടി നാലുതവണ മത്സരിക്കുമ്പോഴും പോസ്റ്റർ ഒട്ടിച്ചവരുടെയും ചുമർ എഴുതിയവരുടെയും കഷ്ടപ്പാടുകളെ പറ്റി അയാൾക്ക് ധാരണയും ഉണ്ടാകില്ല. അതുകൊണ്ടൊക്കെ തന്നെയാണ് സ്വന്തം പാർട്ടിയുടെ നിലപാടുകളെ തള്ളിക്കളഞ്ഞുകൊണ്ട് സ്വന്തം സമീപനങ്ങളുമായി മുന്നോട്ടുപോകുന്നത്.
സ്വന്തം പാളയത്തിലേക്ക് ശശി തരൂർ വീണ്ടും വെടിപൊട്ടിച്ചതോടെ കരുതലോടെ നീങ്ങാനാണ് പാർട്ടി ആലോചിക്കുന്നത്. തന്റെ കഴിവുകൾ ഉപയോഗിക്കണമെന്നും ഇല്ലെങ്കിൽ മുന്നിൽ വേറെ വഴികളുണ്ടെന്നും പാർട്ടി അടിത്തറ വിപുലീകരിച്ചില്ലെങ്കിൽ തുടർച്ചയായി മൂന്നാമതും പ്രതിപക്ഷത്താകുമെന്നും തരൂർ ഇപ്പോൾ പറഞ്ഞതാണ് കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കിയത്.
ഏപ്രിലിൽ ഗുജറാത്തിലെ അഹമ്മദാബാദിൽ സമ്മേളനം വിളിച്ചുചേർക്കാൻ എഐസിസി ഒരുങ്ങുന്നതിനിടയിൽ തരൂരിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പോകേണ്ടെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്കു പിന്നാലെ നേതാക്കൾ പോകരുതെന്ന സൂചന സംസ്ഥാനനേതൃത്വത്തിനും എഐസിസി നൽകിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ്. സന്ദർശനവും സംസ്ഥാനസർക്കാരിന്റെ വികസനനേട്ടവും തരൂർ മുൻപ് പ്രകീർത്തിച്ചിരുന്നു.
പാർട്ടിയുടെ വരുതിയിൽ ഒതുങ്ങാൻ തയ്യാറില്ലെന്ന വ്യക്തമായ സൂചന നൽകുന്ന തരൂർ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നയിക്കാൻ തന്നെപ്പോലൊരാളാണ് കേരളത്തിൽ വേണ്ടതെന്നും ഇപ്പോൾ പറഞ്ഞുവെച്ചു. തരൂർ അതിരുവിട്ട് പോകരുതെന്ന് ആഗ്രഹമുണ്ടെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണം. അതിനിടെ, സി.പി.എം. നേതൃത്വം വീണ്ടും തരൂരിന് പിന്തുണയുമായെത്തി. ശരിയായ നിലപാടെടുക്കുന്നവരെ അംഗീകരിക്കുകയും തെറ്റായവ ചൂണ്ടിക്കാണിക്കുകയും ചെയ്യുക എന്നതാണ് ഉത്തരവാദപ്പെട്ട പ്രതിപക്ഷം ചെയ്യേണ്ടത് എന്നാണ് ശശി തരൂർ പറഞ്ഞതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം.
ഇടത് ഭരണം ജനം മടുത്തെന്നും പാർട്ടി അധികാരത്തിൽ തിരിച്ചുവരുമെന്നുമാണ് കോൺഗ്രസ് ദേശീയ-സംസ്ഥാന നേതൃത്വങ്ങളുടെ വിലയിരുത്തൽ. തരൂർ ഇതിന് തുരങ്കം വെക്കുകയാണെന്നും അതിന് ശക്തിപകരേണ്ടെന്നും കൂടി നേതൃത്വം കരുതുന്നു. തരൂർ ആഗ്രഹിച്ച യുവജന-വിദ്യാർഥി പ്രസ്ഥാനങ്ങളുടെ ചുമതല അത്തരം പ്രസ്ഥാനങ്ങളിലൂടെ വളർന്നുവന്നവർക്കാണ് നൽകുകയെന്ന് കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഒത്തൊരുമയോടെ മുന്നോട്ടുപോകുമെന്ന സൂചനയാണ് തരൂരടക്കമുള്ളവർ നൽകിയത്.
കേന്ദ്രമന്ത്രി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനം, പ്രൊഫഷണൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനം എന്നിവ പാർട്ടി തരൂരിന് നൽകി. എന്നിട്ടും തരൂർ പാർട്ടിയെ കുറ്റപ്പെടുത്തുന്നു. അതിനാൽ തരൂരിന്റെ കാര്യത്തിൽ പ്രതികരണം വേണ്ടെന്നും തത്കാലം അവഗണിക്കാമെന്നുമുള്ള നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.
അതേസമയം കോൺഗ്രസിലെ സംഭവവികാസങ്ങളെ ലീഗ് ഏറെ ആശങ്കയോടെയാണ് നോക്കി കാണുന്നത്. ഒരുതവണ കൂടി പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്നാൽ ലീഗിലെ അണികൾ വ്യാപകമായി പാർട്ടി വിട്ടു പോകുമെന്ന് അവർക്കറിയാം. നേതൃപ്രശ്നങ്ങൾ കോൺഗ്രസ് ഗൗരവമായി പരിഗണിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണം. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഒരു പരിധി കടന്ന് ലീഗ് ഇടപെടില്ല.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം വിവാദങ്ങൾ ഗുണം ചെയ്യില്ല എന്നത് സ്വാഭാവിക കാര്യമാണെന്നാണ് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചത്. മുന്നണിയിൽ പ്രശ്നം ഉന്നയിക്കുമോ എന്ന ചോദ്യത്തിന് അത് അപ്പോൾ നോക്കാം എന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിനായി ശശി തരൂര്‍ നടത്തുന്ന പരസ്യ പ്രതികരണങ്ങളിൽ സംസ്ഥാന കോണ്‍ഗ്രസിൽ ഒന്നടങ്കം അമര്‍ഷം ഉണ്ടായിട്ടുണ്ട്. പരസ്യമായി പ്രതികരിച്ചും എൽഡിഎഫ് സര്‍ക്കാരിനെ പ്രശംസിച്ചും പാര്‍ട്ടിയെ കുഴപ്പത്തിലാക്കുന്ന തരൂരിനെ സംസ്ഥാന നേതൃത്വത്തിലേക്ക് ആനയിക്കാൻ അവര്‍ ഒരുക്കമല്ല.
തരൂരിനെപ്പോലെ പാര്‍ട്ടിക്ക് പുറത്ത് നിന്ന് വോട്ടു സമാഹരിച്ച് ജയിച്ചവരാണ് സംസ്ഥാനത്തെ നേതാക്കളുമെന്നാണ് തരൂര്‍ വിരുദ്ധരുടെ പക്ഷം. ജനപ്രീതിയിൽ ഒന്നാമനെന്ന തരൂരിന്റെ വാദവും തള്ളുന്നു. എന്നാല്‍, അതിരുവിടരുതെന്ന് ഉപേദശിക്കുമ്പോഴും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തരൂരിനുള്ള പൂര്‍ണ പിന്തുണ പിന്‍വലിക്കുന്നില്ല. തരൂരിനെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
തരൂരിനെ പുകച്ചു പുറത്തുചാടിച്ചാൽ തെരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതുന്നു. തരൂരിനെ ഇഷ്ടപ്പെടുന്ന വോട്ടര്‍മാരുണ്ട്. ആ വോട്ടു കിട്ടാൻ അദ്ദേഹവും വേണമെന്നാണ് ഈ വിഭാഗത്തിന്റെ അഭിപ്രായം. അതേസമയം തിരുവനന്തപുരത്ത് ഉപതെരഞ്ഞെടുപ്പ് വരാനുള്ള സാധ്യതകളെയും കോൺഗ്രസ് നേതൃത്വം നോക്കിക്കാണുന്നുണ്ട്. ശശി തരൂരും കോണ്‍ഗ്രസ് നേതൃത്വവുമായി ഇടയുമ്പോള്‍ തിരുവനന്തപുരത്ത് ലോക്സഭാ ഉപതെരഞ്ഞെടുപ്പിന് സാധ്യത കണ്ട് ബിജെപി കളം നിറയുവാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
തരൂര്‍ തിരുവനന്തപുരം എംപി സ്ഥാനം രാജിവയ്ക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. അങ്ങനെ ഒരു ഉപതെരഞ്ഞെടുപ്പ് വന്നാല്‍ എന്ത് വില കൊടുത്തും തിരുവനന്തപുരത്ത് ജയിച്ചേ മതിയാകൂവെന്നാണ് ബിജെപിയുടെ നിലപാട്. ഇതിന് വേണ്ടി തിരുവനന്തപുരത്ത് സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കാര്യങ്ങള്‍ എല്ലാം വിലയിരുത്തുന്നുണ്ട്.
2014 ലെ തിരഞ്ഞെടുപ്പില്‍ വിജയത്തിന്റെ വക്കോളം എത്തുന്ന പ്രകടനമായിരുന്നു ബി ജെ പി കാഴ്ചവെച്ചത്. 15470 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ വിജയം. തിരുവനന്തപുരത്താണ് കൂടുതല്‍ സംഘടനാ ബലവും സംഘടനാ വോട്ടും ബിജെപിക്കുള്ളത്. തൃശൂരില്‍ സുരേഷ് ഗോപിയുടെ ജന സമ്മതിയാണ് ജയമൊരുക്കിയത്. അതുകൊണ്ട് തന്നെ ഉപതെരഞ്ഞെടുപ്പിന് സാധ്യത വന്നാല്‍ തിരുവനന്തപുരത്ത് ജയിച്ചേ മതിയാകൂവെന്ന നിലപാടിലാണ് ബിജെപി. അതേസമയം, തരൂർ കോൺഗ്രസ് വിട്ടാൽ തങ്ങളുടെ പാളയത്തിലേക്ക് എത്തിച്ച് മത്സരിപ്പിക്കുവാനാണ് സിപിഎം ആലോചിക്കുന്നത്.