ബെംഗളുരു: ഷിരൂര്‍ ദൗത്യത്തിനായി ഗോവയില്‍ നിന്ന് പുറപ്പെട്ട ഡ്രെഡ്ജറിന്റെ യാത്ര ഇന്ന് പുനരാരംഭിക്കും. ഇന്ന് കാര്‍വാര്‍ തീരത്ത് എത്തിയതിന് ശേഷം കാറ്റിന്റെ ഗതിയും, മഴക്കോളും, തിരമാലകളുടെ ഉയരവും നിരീക്ഷിച്ച ശേഷമായിരിക്കും ഡ്രെഡ്ജര്‍ ഷിരൂരിലേക്ക് തിരിക്കുക. നാവികസേനയുടെ സോണാര്‍ പരിശോധനയില്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയ ഇടത്താണ് ആദ്യഘട്ട തിരച്ചില്‍ നടത്തുക. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നായിരുന്നു ഡ്രെഡ്ജറിന്റെ യാത്ര കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ചത്.
അര്‍ജുന്റെ കുടുംബവും, ലോറിയുടെ ഉടമയും വരും ദിവസങ്ങളില്‍ ഷിരൂരിലെത്തിയേക്കും. ഗോവയിലെ മര്‍മ ഗോവയിലുള്ള തുറമുഖത്തു നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ യാത്ര തിരിച്ച ഡ്രെഡ്ജര്‍ വെസല്‍ വൈകിട്ടോടെ ഉത്തര കന്നഡ ജില്ലയുടെ തീര അതിര്‍ത്തിയില്‍ പ്രവേശിച്ചിരുന്നു. കാറ്റിന്റെ വേഗം കൂടിയതോടെ ഡ്രെഡ്ജര്‍ വെസലിന്റെ പ്രയാണം തടസപ്പെട്ടു. ഇതോടെ സുരക്ഷിതമായ ഇടത്ത് നിര്‍ത്തി ബുധനാഴ്ച പുലര്‍ച്ചയോടെ യാത്ര തുടരാന്‍ തീരുമാനിക്കുകയായിരുന്നു.