കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ വീഴുന്ന ദൃശ്യങ്ങൾ പുറത്ത്. വീഴാതെ ഇരിക്കുവാൻ സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലാദിത്യ എംഎല്‍എയെ പിടിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഘാടകരിൽ ഒരാൾ ഉമാ തോമസിനോട് കസേര മാറിയിരിക്കാൻ ആവശ്യപ്പെട്ടപ്പോള്‍ സമീപമുള്ള സ്ത്രീയെ മറികടക്കുന്നതിന്നിടെ വീഴുകയായിരുന്നു. റിബണിൽ പിടിച്ചെങ്കിലും താഴേയ്ക്ക് വീണു.
അതിനിടെ സ്റ്റേജ് പരിശോധിച്ച പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് പൊലീസിന് കൈമാറി. സ്റ്റേജ് ദുർബലമായി നിർമിച്ചതാണെന്നും സ്റ്റേജിന്റെ മുൻ ഭാഗത്തിന് ചെരിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരുമ്പ് കാലുകൾ ഉറപ്പിച്ചിരുന്നത് കോൺക്രീറ്റ് ഇഷ്ടികയ്ക്ക് മുകളിലാണ്. കൈവരികൾ സ്ഥാപിക്കാതിരുന്നത് അപകടത്തിന് കാരണമായി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണവും നിയമനടപടികളും ശക്തമാക്കുവാൻ ഒരുങ്ങുകയാണ് പൊലീസ്. സംഘാടകരെ ഉൾപ്പെടെ വീണ്ടും ചോദ്യം ചെയ്തേക്കും.