ന്യൂ ഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാനം ഇന്ദിര ഗാന്ധി ഭവന്റെ ഉദ്ഘാടനം നിർവഹിച്ച് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. കോട്ല റോഡിലെ 9 എയിൽ സ്ഥിതി ചെയ്യുന്ന പാർട്ടിയുടെ പുതിയ ആസ്ഥാനത്തിന്റെ ഉത്ഘാടന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാൽ എന്നിവരും മുതിർന്ന പാർട്ടി നേതാക്കളും പങ്കെടുത്തു.
രാവിലെ 10 മണിയോടെ തന്നെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായി. ചടങ്ങിൽ പാർട്ടി നേതാക്കൾ പുതിയ ആസ്ഥാനത്ത് പാർട്ടി പതാക ഉയർത്തി. വന്ദേമാതരവും ദേശീയ ഗാനവും ആലപിച്ചു. തുടർന്ന് സോണിയ ഗാന്ധി കെട്ടിടം ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തക സമിതി അംഗങ്ങളും പ്രധാന നേതാക്കളും അടക്കം ഇരുനൂറോളം പേര് പരിപാടിയില്‍ സന്നിഹിതരായി.
കോൺഗ്രസ് (ഐ) രൂപീകരിച്ചതിന് ശേഷം 1978 മുതൽ കഴിഞ്ഞ 47 വർഷമായി പഴയ പാർട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന 24 അക്ബർ റോഡിലെ നിലവിലെ ഓഫീസ് കെട്ടിടം പാർട്ടി ഒഴിയില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.