തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എ എം ഷംസീറിനെതിരെ ഗുരുതര ആരോപണവുമായി പി വി അന്‍വര്‍. 139 നിയമസഭാ സാമാജികരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട സ്പീക്കര്‍ ചിലരുടെ പി ആര് പണിയാണ് നടപ്പാക്കുന്നതെന്നും, ഒരു കവലച്ചട്ടമ്പിയുടെ നിലവാരത്തിലേക്ക് താണുവെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസില്‍ വിശ്വാസമില്ല. ഇക്കാര്യം ഞാന്‍ ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. ഒരു നീതിയും പൊലീസില്‍ നിന്നും ലഭിക്കില്ല. പിണറായി അഭ്യന്തര വകുപ്പ് ഭരിക്കുമ്പോള്‍ ഒരു നീതിയും ലഭിക്കില്ല. സീനിയര്‍ മോസ്റ്റായുള്ള എസ് ഐ ടി ടീം മറ്റൊരു കേസ് അന്വേഷിക്കുകയാണ്. എസ് ഐ ടിയുടെ അന്വേഷണം സത്യസന്ധമല്ല. ഡി ജി പി സത്യസന്ധമായ അന്വേഷണം നടക്കണമെന്ന് ആഗ്രഹിക്കുന്നവരാാണ്.

നോട്ടോറിയസ് ക്രിമിനലായ അജിത് കുമാറിന്റെ സംഘമാണ് പൊലീസ് ഉദ്യോഗസ്ഥര്‍. അവര്‍ നല്ല രീതിയില്‍ ഈ അന്വേഷണം നടത്തില്ലെന്ന് ഉറപ്പാണ്. സ്വര്‍ണക്കേസില്‍ 150 ല്‍ പരം കേസുകളുടെ വിവരം ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണത്തിന്റെ കൃത്യമായ അളവ് എത്ര. സ്വര്‍ണം എവിടെ നിന്നും കൊണ്ടുവന്നു, ഏത് തട്ടാന്റെ അടുത്താണ് കൊണ്ടുപോയി സ്വര്‍ണം ഉരുക്കിയത് തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം നടത്തണമെന്നാണ് എന്റെ ആവശ്യം. എന്നാല്‍ ഒരു അന്വേഷണവും നടത്തിയില്ല.
ഞാന്‍ പേരുപറഞ്ഞ് പരാതി നല്‍കിയിട്ടും എന്തുകൊണ്ട് അന്വേഷണ സംഘം ഒരാളില്‍ നിന്നുപോലും വിവരങ്ങള്‍ ശേഖരിക്കുന്നില്ല. എന്തുകൊണ്ടാണ് എന്നില്‍ നിന്നുപോലും മൊഴിയെടുത്തില്ല എന്നത് സംശയകരമാണ്.
സ്വര്‍ണക്കടത്തു കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം എന്ന് ഞാന്‍ പറയുന്നത് കേരളാ പൊലീസിലോ, പ്രത്യേക അന്വേഷണ സംഘത്തിലോ വിശ്വാസമില്ലാതായതിനാലാണ്. ഞാന്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പറഞ്ഞ ഒരു പരാതിയിലും അന്വേഷണം നടന്നിട്ടില്ല.

ഞാന്‍ കളവാണ് പറയുന്നതെങ്കില്‍ എന്തുകൊണ്ടാണ് എനിക്കെതിരെ കേസെടുക്കുന്നില്ല, ആര്‍ക്കെതിരേയും കേസ് എടുക്കുന്നില്ല എന്നും അന്‍വര്‍ ചോദിക്കുന്നു. എസ് ഐ ടി അന്വേഷണം അട്ടിമറിക്കാനായി ആരൊക്കെ ശ്രമിച്ചു എന്ന് വ്യക്തമാണ്. കള്ളക്കടത്ത് സംഘത്തിന്റേയും റിദാന്‍ ബാസിനെ കൊലപ്പെടുത്തിയത് ഒരു ഗൂഢ സംഘമാണെന്ന് വ്യക്തമാണ്. കള്ളക്കടത്ത് -പൊലീസ് ബന്ധത്തിന്റെ തെളിവുകള്‍ കൊല്ലപ്പെട്ട യുവാവിന്റെ കൈയിലുണ്ട്.
എന്റെ ശ്രദ്ധയില്‍ നിന്നും വിട്ടുപോയ ചില കാര്യങ്ങളുണ്ട്. ഒരു മാസം കഴിഞ്ഞ് റിപ്പോര്‍ട്ട് വരട്ടെ എന്നാണ്. എന്നാല്‍ എസ് ഐ ടിയുടെ റിപ്പോര്‍ട്ടിന്റെ പേരിലല്ല. മാമി കേസ് തുടങ്ങിയ നിരവധി കേസുകളില്‍ എന്ത് അന്വേഷണാണ് നടന്നത്. പൂരം കലക്കല്‍ കേസില്‍ മാത്രമാണ് അന്വേഷണം നടന്നത്.

പൂരം കലക്കല്‍ വിഷയം സി പി ഐ ഏറ്റെടുത്തതോടെയാണ് എഡിജിപി അജിത് കുമാറിനെതിരെ നിലപാട് കടുപ്പിച്ചത്. എം ആര് അജിത് കുമാറിനെ സസ്പെന്റ് ചെയ്യുന്നതടക്കമുള്ള നടപടി വേണം എന്നാണ് ഡി ജി പി റിപ്പോര്‍ട്ട് നല്‍കിയത്. അജിത്തിനെ സംരക്ഷിക്കാനാണ് റിപ്പോര്‍ട്ട് കൈയ്യില്‍ കിട്ടിയിട്ടും രണ്ടു ദിവസം മുഖ്യമന്ത്രി അനങ്ങാതിരുന്നത്. സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ ഡി ജി പി തയ്യാറായില്ല എന്നാണ് അറിയുന്നത്.
ചീഫ് സെക്രട്ടറിയും ഡി ജി പിയും ഗവര്‍ണര്‍ക്ക് മുന്നിലേക്ക് പോവേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് ഭയന്നിട്ടാണ്. പല ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്കാന് പറ്റാത്ത സാഹചര്യം സൃഷ്ടിക്കപ്പെടും.
നക്ഷത്ര ചോദ്യചിഹ്നമിട്ട ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. മന്ത്രിമാര്‍ ബാധ്യസ്ഥനാണ്. പി വി അന്‍വര്‍ പറഞ്ഞിരിക്കുന്ന റിദാന്‍ കേസ്, മാമി കേസ്, പൊലീസ് ഓഫീസര്‍മാര്‍ ഇടപെട്ട സ്വര്‍ണക്കടത്ത് കേസ് തുടങ്ങി നിരവധി അതീവ ഗൗരവതരമായ വിഷയമാണ് പ്രതിപക്ഷം ചോദ്യമായി ഉന്നയിച്ചിരിക്കുന്നത്. ഈ ചോദ്യങ്ങള്‍ക്കാണ് വ്യക്തമായ ഉത്തരം നല്കാതിരിക്കാന് നീക്കം നടത്തിയത്.

സ്പീക്കര്‍ പി ആര് എജന്‍സിയുടെ പണിയാണ്. ഉപഭോക്താവിന് ആവശ്യമായ പരസ്യങ്ങള്‍ ചെയ്തു കൊടുക്കുന്ന പണിയാണ്. കവലചട്ടമ്പിയുടെ ജോലിയാണ് സ്പീക്കര്‍ ചെയ്യുന്നത്. മോദിയോട് കിടപിടിക്കുന്ന നിലയിലേക്ക് പിണറായി വിജയന് മാറിയിരിക്കയാണ്.
കപ്പല്‍ മുങ്ങും, കപ്പിത്താനും കുടുംബവും രക്ഷപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയാവസ്ഥയാണുള്ളത്. നൂറുക്കണക്കിന് തൊഴിലാളികളുടെയും സാധാരണക്കാരുടെയും രക്തം നല്‍കിയുണ്ടാക്കിയ പാര്‍ട്ടിയെ ആര് എസ് എസിന്റെ അടുക്കളയില്‍ കെട്ടി. മകളേയും മരുമകനേയും രക്ഷിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. ഈ മുങ്ങുന്ന ഈ കപ്പലിന് ഇന്ധനം നിറയക്കുന്ന ജോലി നിര്‍ത്തണമെന്നാണ് എനിക്ക് വ്യക്തമാക്കാനുള്ളതെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.