പകുതി വിലക്ക് സ്കൂട്ടറും മറ്റ് സാധനകളും വാഗ്ദാനം ചെയ്ത അനന്തുകൃഷ്ണന് പണം തട്ടിയ കേസിൽ പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തിനും പങ്കുണ്ടെന്ന ആരോപണവുമായി സിപിഎം നേതാവ് പി സരിന്. ‘ദി ബിഗിനിങ് ഓഫ് സംതിങ് ബിഗ്ഗര്‍’ എന്ന തലക്കെട്ടോടെയാണ് നജീബ് കാന്തപുരത്തിനെതിരെയുള്ള സരിന്റെ ആരോപണങ്ങള്‍.
‘പകുതി വിലയ്ക്ക് ഇരുചക്രവാഹനം നല്‍കുന്നതിനായി നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ എന്ന തട്ടിപ്പ് സംഘടന ഉണ്ടാക്കിയ അനന്തു കൃഷ്ണന്, എംഎല്‍എ തന്റെ ഫൗണ്ടേഷനിലൂടെ കണ്ടെത്തി നല്കിയ ഗുണഭോക്താക്കളുടെ ലിസ്റ്റ് നീണ്ടതാണ്. അത് വഴി എംഎല്‍എ, ഒരേ സമയം ആളുകളില്‍ നിന്ന് പണം തട്ടിക്കാനും, അതിനോടൊപ്പം തന്നെ മുദ്ര ഫൗണ്ടേഷന്റെ പേരില്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് ഭീമമായ ഫണ്ടുകള്‍ സ്വീകരിച്ച് കള്ളപ്പണം വെളുപ്പിക്കാനും ഉപയോഗിച്ചിട്ടുണ്ട്. എംഎല്‍എ ക്ക് ഈ തട്ടിപ്പില്‍ നിന്ന് കൈകഴുകാന്‍ പറ്റാത്തവിധം വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുകൊണ്ടു വരിക തന്നെ ചെയ്യും’- സരിന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
നജീബ് കാന്തപുരത്തിന്റെ മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന് അനന്തു കൃഷ്ണന് ഉണ്ടാക്കിയ തട്ടിപ്പുസംഘടനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്ന് സരിന് ആരോപിച്ചു.അതേസമയം, തന്റെ നേതൃത്വത്തിലുള്ള മുദ്ര ഫൗണ്ടേഷന് എന്ന എന്‍ജിഒ ആരില്‍ നിന്നും ഒരു പൈസപോലും വാങ്ങിയിട്ടില്ലെന്ന് നജീബ് കാന്തപുരം പറഞ്ഞു.