പുകവലിക്കാത്തവരിൽ ശ്വാസകോശാർബുദ കേസുകൾ വർധിക്കുന്നതായി പഠന റിപ്പോർട്ട്. ദി ലാൻസെറ്റ് റെസ്പിറേറ്ററി മെഡിസിൻ ജേർണൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ചാണ് പുകവലി ശീലമില്ലാത്തവരിലും കാൻസർ വർധിക്കുന്നതായി പറയുന്നത്. വായു മലിനീകരണം കൂടുന്നതാണ് ഇതിന് കാരണമെന്നാണ് പഠനം പറയുന്നത്.
2022-ലെ കണക്കുപ്രകാരം അഡിനോകാർസിനോമ ശ്വാസകോശാർബുദം സ്ഥിതീകരിച്ച 70 ശതമാനം ആളുകളും പുകവലി ശീലമില്ലാത്തവരാണെന്നാണ് കണ്ടെത്തൽ. 2022 ലെ പഠനത്തിൽ 9.08 ലക്ഷം സ്ത്രീകളിൽ ശ്വാസകോശാർബുദ കേസുകൾ കണ്ടെത്തിയതായി പറയുന്നു. അതിൽ 59.7 ശതമാനവും അഡിനോകാർസിനോമ ആയിരുന്നു.
ശ്വാസകോശത്തിലെ കോശങ്ങളുടെ വളർച്ച അനിയന്ത്രിതമാകുമ്പോൾ അത് കാൻസറിന് കാരണമാകുന്ന അവസ്ഥ. പുകവലിക്കുന്നവർക്കാണ് ശ്വാസകോശ അർബുദ സാധ്യത ഏറ്റവും കൂടുതൽ.
വലിക്കുന്ന സിഗരറ്റിന്റെ ദൈർഘ്യവും എണ്ണവും കൂടുന്നതിനനുസരിച്ച് ശ്വാസകോശ അർബുദ സാധ്യതയും കൂടും. ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനും കാരണമാകും. തുടക്കത്തിൽ ഇത് കണ്ടുപിടിക്കുക വളരെ ബുദ്ധിമുട്ടാണ്.
എന്നാൽ പുതിയ പഠനമനുസരിച്ച് ശ്വാസകോശാർബുദത്തിന്റെ കാരണം വായുമലിനീകരണമാണ്, വിഷപ്പുക കൂടുതൽ നേരം ശ്വസിക്കുന്നത് ശ്വാസകോശത്തിന് തകരാർ ഉണ്ടാകുകയും, അർബുദ സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് പറയുന്നു.