ആലപ്പുഴ: കലവൂര്‍ സുഭദ്ര കൊലപാതകക്കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതികളായ മാത്യൂസിനെയും ശര്‍മിളയേയും വെവ്വേറെ മുറിയില്‍ ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ഇവരെ വൈദ്യ പരിശോധനയ്ക്കായി ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിക്കും. വയോധികയെ സംഘം കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിനായാണെന്ന് എസ്പി പറഞ്ഞു.
കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ കര്‍ണാടകയിലെ മണിപ്പാലില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. സുഭദ്രയുടെ പക്കലുണ്ടായിരുന്ന സ്വര്‍ണം കവര്‍ന്ന ശേഷം പ്രതികള്‍ വയോധികയെ കുഴിച്ചുമൂടുകയായിരുന്നു. പ്രതികള്‍ സുഭദ്രയെ കലവൂരിലെ വീട്ടിലേക്ക് വിളിച്ചുവരുത്തികയും കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.