ആലപ്പുഴ: ആലപ്പുഴ കലവൂരിലെ വയോധിക സുഭദ്രയുടെ കൊലപാതകത്തില്‍ പ്രതികള്‍ പിടിയില്‍. പ്രതികളായ മാത്യൂസ്, ശര്‍മിള എന്നിവരാണ് പിടിയിലായത്. കര്‍ണാടകയിലെ മണിപ്പാലില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. കൊലയ്ക്ക് ശേഷം മൃതേദഹം കുഴിച്ചിട്ട് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. സുഭദ്രയുടെ സ്വര്‍ണ്ണവും പണവും കൈക്കലാക്കാനായിരുന്നു കൊലപാതകം. സുഭദ്രയുടെ സ്വര്‍ണ്ണം ആലപ്പുഴയില്‍ വിറ്റതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
സുഭദ്രയുടെ കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസിന്റെ നിഗമനം. ഓഗസ്റ്റ് എഴിനും പത്തിനും ഇടയിലാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍. കൊലയ്ക്ക് മുന്‍പ് തന്നെ വീടിന് പിന്നില്‍ കുഴിയെടുത്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.