ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട ഭൂമി ലഭ്യമാക്കാൻ കോടതിയുടെ അനുമതി വന്നതോടെ ടൗൺഷിപ്പ് നിർമ്മാണ നടപടികൾ തുടങ്ങുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. പുനരധിവാസത്തിന് സ്ഥലം നൽകാൻ സന്നദ്ധത അറിയിച്ച പ്ലാന്റേഷനുകളിൽ സർക്കാർ വിദഗ്ധ സംഘത്തെ നിയോഗിച്ച് സുരക്ഷാ പഠനം നടത്തിയിരുന്നു. അനുകൂല റിപ്പോർട്ടുകൾ ലഭിച്ച ഒൻപത് പ്ലാന്റേഷനുകളിൽ നിന്നാണ് ഭൂപ്രദേശം തിരഞ്ഞെടുത്തത്. ഇതിൽ നെടുമ്പാല, എൽസ്റ്റൺ എസ്റ്റേറ്റുകളിൽ ടൗൺഷിപ്പുകൾ നിർമ്മിക്കാൻ സർക്കാർ പദ്ധതിയൊരുക്കിയിരിക്കുകയാണ്. സർവകക്ഷി യോഗം ഈ ആശയത്തിന് അനുമതി നൽകിയതായും മന്ത്രി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കാൻ സർക്കാർ തയ്യാറാണെങ്കിലും ദുരന്തനിവാരണ നിയമ പ്രകാരം ഭൂമിയുടെ വില സംബന്ധിച്ച ആശങ്കകൾ മൂലം എസ്റ്റേറ്റ് ഉടമകൾ കോടതിയെ സമീപിച്ചതായി അറിയിച്ചു. ഇത് സംബന്ധിച്ച അനുകൂല വിധി ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഭൂമിയ്ക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ ഒരുക്കമാണെന്നും മന്ത്രി വ്യക്തമാക്കി. കോടതി അനുമതി ലഭിച്ചാൽ ഭൂമിയെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും. പുനരധിവാസ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 38 ഏജൻസികൾ ഇതിനോടകം താൽപര്യം അറിയിച്ചിട്ടുണ്ട്. അതേസമയം, സ്പോൺസർഷിപ്പിനുള്ള താത്പര്യം അറിയിച്ച സംസ്ഥാനങ്ങളും സ്ഥാപനങ്ങളും സംഘടനകളും ബന്ധപ്പെട്ട ചർച്ചകൾക്ക് മുഖ്യമന്ത്രി നേരിട്ട് ഇടപെടും. ചൂരൽമലയിലെ പുനരധിവാസം സർക്കാർ സമാനമായ ഒരു മോഡൽ ഇല്ലാതെ നടപ്പാക്കുന്ന ശ്രമമാണെന്ന് മന്ത്രി വ്യക്തമാക്കി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം പ്രദേശം സന്ദർശിച്ച് ജനങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും മനസിലാക്കിക്കൊണ്ടാണ് പുനരധിവാസ പദ്ധതികൾ രൂപകൽപന ചെയ്തത്. പരമാവധി ജനങ്ങളെ ഒരുമിച്ചു താമസിപ്പിച്ച് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉള്ള രണ്ട് ടൗൺഷിപ്പുകൾ ഒരുക്കാനാണ് സർക്കാറിന്റെ ലക്ഷ്യം. ടൗൺഷിപ്പിൽ താമസിക്കാൻ താത്പര്യമില്ലാത്തവർക്ക് മറ്റ് സൗകര്യപ്രദമായ പുനരധിവാസ പദ്ധതികൾ ഏർപ്പെടുത്തും. സബ് കലക്ടറുടെ മേൽനോട്ടത്തിൽ ജനുവരി മുതൽ പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി കെ. രാജൻ അറിയിച്ചു.