തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ബുധനാഴ്ച (ഏപ്രിൽ രണ്ട്) മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ വരെ ലഭിക്കുന്ന സാഹചര്യം ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
എന്നാൽ വേനൽ മഴ ശക്തമാകുമെങ്കിലും താപനിലയിൽ മാറ്റമുണ്ടാകില്ലെന്ന് അറിയിപ്പിലുണ്ട്. ഉഷ്ണ തരംഗ സാദ്ധ്യതകൾ കണക്കിലെടുത്ത് മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു.പൊതുസ്ഥലങ്ങളിൽ കുടിവെള്ളം ഉറപ്പാക്കാനും പകൽസമയങ്ങളിൽ പുറംജോലിക്കാർക്ക് ആവശ്യത്തിന് വിശ്രമം ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.