ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള മടങ്ങി വരവിന് മാസങ്ങളെടുത്തേക്കും. കൃത്യമായ ഉത്തരം നൽകാനാവാതെ നാസ. ബോയിങ്ങിന്റെ സ്റ്റാർ ലൈനർ പേടകത്തിന്റെ സാങ്കേതിക തകരാറുകൾ പരിഹരിക്കുവാൻ സാധിച്ചില്ലെങ്കിൽ മറ്റ് മാർഗങ്ങൾ തേടേണ്ടി വരും.
വെറും ഒരാഴ്ച മാത്രം നീണ്ട ദൗത്യത്തിനായി 2024 ജൂണ്‍ അഞ്ചിനാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സുനിത വില്യംസും ബുച്ച് വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര തിരിച്ചത്. അമേരിക്കന്‍ സ്വകാര്യ കമ്പനികളുമായുള്ള നാസയുടെ സഹകരണത്തിന്റെ ഭാഗമായുള്ള കൊമേഴ്സ്യല്‍ ക്രൂ പോഗ്രാമിന്റെ ഭാഗമായിരുന്നു ഈ ദൗത്യം. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ഹീലിയം ചോര്‍ച്ച, വാല്‍വ് പിഴവുകള്‍ അടക്കമുള്ള തകരാറുകള്‍ വിക്ഷേപണത്തിന് കനത്ത വെല്ലുവിളിയായി.
ഒരാഴ്ചത്തെ ദൗത്യത്തിന് പോയ ഇരു ബഹിരാകാശ സഞ്ചാരികളും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 70 ദിവസം അടുക്കുകയാണ്. ഇതിനിടെ ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യമടക്കമുള്ള ആശങ്കകള്‍ ഉയരുന്നുണ്ട്.