ഡല്‍ഹി: 1991 ലെ ആരാധനാലയ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെവി വിശ്വനാഥന് എന്നിവരാണ് മറ്റംഗങ്ങള്‍. ഹര്‍ജിയില്‍ ഈ മാസം 12 മുതല്‍ വാദം കേള്‍ക്കും.
ആരാധനാലയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഒപ്പം ചില ഹിന്ദു സംഘടനകളും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജികള്‍ ചോദ്യം ചെയ്ത് മുസ്ലിം സംഘടനകളും കോടതിയെ സമീപിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷവും എട്ട് മാസവുമായി പരിഗണനയിലുള്ള ഹര്‍ജിയിലാണ് കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ച് വാദം കേള്‍ക്കല്‍ ആരംഭിക്കുന്നത്.
ഒരു ആരാധനാലയത്തിന്റെ 1947 ആഗസ്റ്റ് 15 ന് നിലവിലുണ്ടായിരുന്ന മതപരമായ സ്വഭാവം അതേപടി സംരക്ഷിക്കുന്നതിന് വേണ്ടിയാണ് 1991 ല്‍ ആരാധനാലയ സംരക്ഷണ നിയമം പാസാക്കിയത്. കേസ് നിലനിന്നിരുന്ന ബാബറി മസ്ജിദിനെ നിയമത്തിന്റെ പരിരക്ഷയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
നിലവില്‍ രാജ്യത്തെ നിരവധി പള്ളികളുമായി ബന്ധപ്പെട്ട് അവകാശത്തര്‍ക്ക ഹര്‍ജികള്‍ വിവിധ കോടതികളുടെ പരിഗണനയിലുണ്ട്. പല പള്ളികളും ക്ഷേത്രങ്ങള്‍ തകര്‍ത്ത് പണിതതാണെന്ന അവകാശവാദവുമായി ബിജെപി നേതാക്കളോ ഹൈന്ദവ സംഘടനകളോ ആണ് കോടതികളെ സമീപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആരാധനാലയ സംരക്ഷണനിയമത്തിന്റെ സാധുത സംബന്ധിച്ച ഹര്ജികളിലുണ്ടാകുന്ന വിധി അതിനിര്‍ണായകമാണ്.