കൊച്ചി: സുരേഷ് കുമാറിന്റെ പ്രഖ്യാപനത്തിനെതിരേ പരസ്യമായി പോസ്റ്റിട്ട ആന്റണി പെരുമ്പാവൂരിനെ തള്ളി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.
ജൂൺ ഒന്നു മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നത് സംഘടനയുടെ ഔദ്യോഗിക തീരുമാനമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. സംഘടനയുടെ വൈസ് പ്രസിഡന്റ് ജി.സുരേഷ് കുമാറിന്റെ പ്രഖ്യാപനത്തിനെതിരേ പരസ്യമായി പോസ്റ്റിട്ട ആന്റണി പെരുമ്പാവൂർ സംഘടനയ്ക്കെതിരേ നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കുമെന്നും പാരാമർശം.
സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഫെബ്രുവരി ആറിന് ഫിയോക്, ഫെഫ്ക, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ എന്നീ സംഘടനകൾ സംയുക്തയോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ ജൂൺ ഒന്നു മുതൽ അനിശ്ചിതകാല സമരം നടത്താൻ തീരുമാനിച്ചിരുന്നു. സംഘടനയുടെ പ്രസിഡന്റ് ആന്റോ ജോസഫ് ലീവിന് അപേക്ഷിച്ചിരുന്നതിനാൽ വൈസ് പ്രസിഡന്റുമാരായ ജി.സുരേഷ് കുമാറിനും സിയാദ് കോക്കറിനുമാണ് ചുമതല. അവർ പറഞ്ഞത് സംഘടനയുടെ ഭരണസമിതിയുടെ തീരുമാനമാണ്. ക്ഷണിക്കപ്പെട്ടിട്ടും യോഗത്തിൽ പങ്കെടുക്കാത്ത ആന്റണി പെരുമ്പാവൂർ, ഭരണസമിതി തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിച്ച ജി.സുരേഷ് കുമാറിനെതിരേ പോസ്റ്റിട്ടത് അനുചിതമാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നു.