ആഭ്യന്തര യുദ്ധം രൂക്ഷമായതോടെ രാജ്യം വിട്ട സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദിനും കുടുംബത്തിനും അഭയം നല്കി റഷ്യ. അസദും കുടുംബവും റഷ്യയിലെ മോസ്ക്കോയിലെത്തിയതായി റഷ്യന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാനുഷിക പരിഗണനയിലാണ് റഷ്യ അസദിനും കുടുംബത്തിനും അഭയം നല്‍കിയതെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.
ഭാര്യ അസ്മയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് അസദ് സിറിയ വിട്ടത്. ദമാസ്കസ് കീഴടക്കിയതായി വിമതസൈന്യം പ്രഖ്യാപിക്കുമ്പോഴേയ്ക്കും വിമാനമാര്‍ഗ്ഗം അസദും കുടുംബവും സിറിയ വിടുകയായിരുന്നു. സമാധാനപരമായ അധികാരകൈമാറ്റം ഉറപ്പാക്കാനാണ് അസദ് രാജ്യം വിട്ടതെന്നും റഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സിറിയയില്‍ വിമതര്‍ അധികാരം പിടിച്ചെടുത്തതോടെ സിറിയന്‍ സൈന്യത്തിന്റെ ആയുധ ശേഖരത്തിലേക്ക് ഇസ്രയേല്‍ സേന വ്യോമാക്രമണം നടത്തി. സിറിയയിലെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ വിമതരുടെ കൈയില്‍ എത്താതിരിക്കാനാണ് ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തത്.
അബു മുഹമ്മദ് അല്‍ ജുലാനിയാണ് അസദിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് സിറിയയില്‍ ഭരണത്തിലേറുന്നത്. അമേരിക്ക 10 കോടി രൂപ വിലയിട്ട ഭീകരന് ആയിരുന്നു ജുലാനി. സിറിയയിലെ സ്ഥിതി നിരീക്ഷിച്ചു വരികയാണെന്ന് അമേരിക്ക പ്രതികരിച്ചു.
അസദ് ഭരണകൂടും വീണതോടെ ലോകത്തെമ്പാടുമുള്ള സിറിയക്കാര്‍ അത് ആഘോഷിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിറിയയിലും ജനങ്ങള്‍ ആഘോഷത്തിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അല്‍ അസാദ് രാജ്യം വിട്ടതോടെ ജനം തെരുവിലിറങ്ങി. അല്‍ അസാദിന്റെ വസതിയില്‍ ജനങ്ങള്‍ പ്രവേശിക്കുകയും വാഹനങ്ങളും വസ്ത്രങ്ങളും അടക്കം മോഷണം നടത്തുകയും ചെയ്തു. പതിറ്റാണ്ടുകളായി സ്ഥാപിച്ചിരുന്ന ബഷാര്‍ അല്‍ അസദിന്റെ പ്രതിമകള്‍ ജനം തകര്‍ത്തു.
സിറിയന്‍ സൈന്യവും സുരക്ഷാ സേനയും ദമാസ്കസ് രാജ്യാന്തര വിമാനത്താവളം ഉപേക്ഷിച്ചു പോയി. തന്ത്രപ്രധാനമായ മേഖലകളില്‍ നിന്ന് എല്ലാം സൈന്യം പിന്മാറി. ഇത്രയും കാലവും അസദ് സിറിയയെ ഇറാന്റെ താല്പര്യത്തിന് എറിഞ്ഞു കൊടുത്തെന്ന് വിമത നേതാവ് അബു മുഹമ്മദ് ജുലാനിയും കുറ്റപ്പെടുത്തി.