മുംബൈ ഭീകരാക്രമണ കേസ് മുഖ്യ ആസൂത്രകന്‍ തഹാവൂര്‍ റാണയെ എന്‍ഐഎ 18 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. റാണയെ ഇന്ന് എന്‍ഐഎ ചോദ്യം ചെയ്യും. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചത്.നിലവില്‍ എന്‍ഐഎ ആസ്ഥാനത്തുള്ള തഹാവൂര്‍ റാണയെ പിന്നീട് തീഹാര്‍ ജയിലിലേക്ക് മാറ്റും. ഇന്ത്യയിലെത്തിയ റാണയെ പ്രത്യേക കോടതിക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു.
റാണയ്ക്കായി ഡല്‍ഹിയിലെ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലെ അഭിഭാഷകന് പിയൂഷ് സച്ച്ദേവിനെയാണ് സര്‍ക്കാര്‍ ഒരുക്കിയത്.2008 നവംബര്‍ 26 ലെ മുംബൈ ഭീകരാക്രമണ ഗൂഢാലോചനയില്‍ ലഷ്കര്‍ ബന്ധമുള്ള റാണയ്ക്ക് പങ്കുണ്ടെന്ന ഇന്ത്യന്‍ വാദം അംഗീകരിച്ച് റാണയെ കൈമാറാന്‍ 2023 മേയ് 18 ന് അമേരിക്ക തീരുമാനിച്ചിരുന്നു. ഇതിനെതിരെ റാണ നടത്തിയത് ഒന്നരപ്പതിറ്റാണ്ട് കാലത്തെ നിയമയുദ്ധമാണ്. ഫെഡറല്‍ കോടതികളെല്ലാം തള്ളിയ റിട്ട് ഒടുവില്‍ അമേരിക്കന്‍ സുപ്രീം കോടതിയും തള്ളി.