ഹൈദരാബാദ്: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. സോഫ്റ്റ്വെയര് പ്രൊഫഷണലായ ദേവികയാണ് ജീവനൊടുക്കിയത്. ഞായറാഴ്ച സൈബരാബാദിലെ റായ്ദുര്‍ഗത്തിലെ ഫ്ലാറ്റില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ത്രീധന പീഡനത്തിന് ഭാര്‍ത്താവായ സതീഷിനെതിരെ റായ്ദുര്‍ഗം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം ആറ് മാസം മുമ്പാണ് സതീഷ് ചന്ദ്രയെന്നയാളെ ദേവിക വിവാഹം കഴിച്ചത്. നിസാംപേട്ടിലുള്ള ഫ്ലാറ്റും വസ്തുവും തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സതീഷ് യുവതിയെ ഉപദ്രവിച്ചുവെന്ന് കുടുംബം പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തോളമായി കുടുംബ പ്രശ്നങ്ങളെച്ചൊല്ലി ഇരുവരും തമ്മില്‍ പതിവായി വഴക്കുണ്ടായിരുന്നു.
ഞായറാഴ്ച ദമ്പതികള്‍ തമ്മില്‍ വഴക്കിടുകയും സതീഷ് ഫ്ലാറ്റില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. പലതവണ യുവതി മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും സതീഷ് എടുത്തിരുന്നില്ല. രാത്രിയോടെ മടങ്ങിയെത്തിയ ഇയാള്‍ സ്പെയര്‍ കീ ഉപയോഗിച്ച് ഫ്ലാറ്റിലേക്ക് കയറി. കിടപ്പുമുറിയുടെ വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമൊന്നും ലഭിക്കാത്തതിനാല്‍ ദേവിക ഉറങ്ങിപ്പോയെന്നാണ് സതീഷ് കരുതിയത്. തുടര്‍ന്ന് അയാള്‍ മറ്റൊരു മുറിയില്‍ ഉറങ്ങാന്‍ കിടന്നു.
എന്നാല്‍ തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകാന്‍ ദേവികയെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബെംഗളൂരുവിലെ തന്നെ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ഇരുവരും പരിചയത്തിലായത്.