പകുതി വില തട്ടിപ്പ് കേസിലെ തനിക്കെതിരായ ആരോപണം തെറ്റെന്ന് മുവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. തന്നെ തേജോവധം ചെയ്യരുതെന്നും അനന്തു കൃഷ്ണനിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. തൻ്റെ അകൗണ്ട് പരിശോധിക്കാമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി . മാത്യു കുഴൽനാടൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾക്ക് അനന്തു കൃഷ്ണൻ പണം നൽകിയെന്നായിരുന്നു എന്നാണ് പുറത്ത് വന്ന വാർത്ത. സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്, ഇടുക്കി എം പി ഡീൻ കുര്യാക്കോസ്,കോട്ടയം എം പി ഫ്രാൻസിസ് ജോർജ് അടക്കം നിരവധി പേരാണ് അനന്തു കൃഷ്ണന്റെ പട്ടികയിലുള്ളത്.
പൊലീസിന് നൽകിയ മൊഴിയിലാണ് അനന്തു കൃഷ്ണൻ ഗുരുതര വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അതിനിടെ മൂവാറ്റുപുഴയിലെ യുവ കോൺഗ്രസ് നേതാവിന് 5 ലക്ഷം രൂപ കൈവായ്പയായി നൽകിയെന്നും മൊഴിയുണ്ട്. ഇന്നലെ നടന്ന തെളിവെടുപ്പിന് ശേഷമായിരുന്നു അനന്തു കൃഷ്ണൻ പൊലീസിനോട് നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്. മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് പണം ബാങ്കിലേയ്ക്ക് നൽകാമെന്ന് പറഞ്ഞെങ്കിലും പണമായി കൈമാറിയാൽ മതിയെന്ന് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടെന്നും അനന്തു കൃഷ്ണൻ മൊഴി നൽകിയിട്ടുണ്ട്.