കഠിനമായ തണുപ്പിനെ തുടർന്ന് വിവാഹച്ചടങ്ങിനിടെ വരന് ബോധംകെട്ടുവീണു. ഇതോടെ വിവാഹത്തിൽ നിന്നും പിന്മാറി വധു. ഝാര്‍ഖണ്ഡിലെ ദേവ്ഘറില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ഘോര്‍മര സ്വദേശിയായ അര്‍ണവും ബിഹാറിലെ ഭഗല്‍പുര്‍ സ്വദേശിയായ അങ്കിതയും തമ്മിലുള്ള വിവാഹമാണ് ഇത്തരത്തിൽ മുടങ്ങിയത്. വരന്റെ നാടായ ഘോര്മരയിലെ മണ്ഡപത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ഇതിനിടയിൽ അര്‍ണവ് തണുത്ത് വിറയ്ക്കുകയും ബോധംകെട്ടുവീഴുകയുമായിരുന്നു. തണുത്ത കാലാവസ്ഥയും ഉപവാസവുമാണ് ബോധംകെട്ടുവീഴാന്‍ കാരണമെന്ന് വരനെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. ഒന്നര മണിക്കൂറിനു ശേഷം അർണവിന് ബോധം വന്നെങ്കിലും തണുപ്പത്ത് ബോധം കെട്ടുവീഴാന്‍ കാരണമായ ആരോഗ്യപ്രശ്നം അര്‍ണവിന് ഉണ്ടെന്ന് ഭയന്ന അങ്കിത വിവാഹത്തിൽ നിന്നും പിന്മാറി. ഇരുകുടുംബങ്ങളും തമ്മിൽ തർക്കം ഉണ്ടാവുകയും വിവാഹവുമായി മുന്നോട്ടുപോകാന്‍ പോലീസ് അഭ്യര്‍ഥിച്ചുവെങ്കിലും ഫലംകണ്ടില്ല.