ന്യൂഡൽഹി: ഒരു മാസത്തോളം നീണ്ടുനിന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു. ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി തുടങ്ങിയ പാര്‍ട്ടികള്‍ നേര്‍ക്കുനേര്‍ മല്‍സരിക്കുന്ന വാശിയേറിയ പോരാട്ടത്തിന്റെ പരസ്യപ്രചരണമാണ് ഇന്ന് അവസാനിച്ചത്. ഇനി ഫെബ്രുവരി അഞ്ചിന് തെരഞ്ഞെടുപ്പിനുള്ള ജനങ്ങളുടെ അവസരമാണ്. 70 മണ്ഡലങ്ങളില്‍ ബുധനാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഭരണതുടര്‍ച്ചക്കായിരിക്കും ആം ആദ്മി ശ്രമിക്കുന്നത് എങ്കില്‍ ഒരു അട്ടിമറി ജയത്തിനാവും ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ശ്രമിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ അണിനിരന്ന കലാശക്കൊട്ടിനാണ് ഡല്‍ഹി ഇന്ന് സാക്ഷ്യം വഹിച്ചത്.
എന്നാല്‍, അരവിന്ദ് കെജ്രിവാൾ എന്ന ആം ആദ്മി പാർട്ടിയുടെ ഒറ്റയാൾ പോരാട്ടമാണ് മറ്റൊരു വശത്തെ ശ്രദ്ധകേന്ദ്രം. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ നടക്കുക. തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയാണ് മൂന്ന് മുന്നണികളും. ഫെബ്രുവരി 8 ന് ഫലം പുറത്തുവരുമ്പോള്‍ അട്ടിമറി ജയമാണോ അതോ ജയ തുടർച്ചയാകുമോ എന്ന് കണ്ടറിയണം.