29ാമത് രാജ്യാന്തര ചലച്ചിത്ര മേള ഡിസംബർ 13 മുതൽ ആരംഭിക്കും. തലസ്ഥാന നഗരിയിൽ ഡിസംബർ 13 മുതൽ 20 വരെ മേള നടക്കും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 180 ഓളം ചിത്രങ്ങള്‍ മേളയിൽ പ്രദര്‍ശിപ്പിക്കും. കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് മേളക്ക് ആതിഥേയത്വം വഹിക്കുന്നത്.
ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരം നേടിയ സിനിമകള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കണ്ട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങള്‍, മണ്മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകള്‍ ഉൾപ്പെടുന്നതാണ് 29ാമത് അന്താരാഷ്ട്ര ചലചിത്ര മേള.
മേളയിൽ ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
ഹോങ്കോംഗ് ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടിയുമായ ആൻ ഹുയിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. 10 ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഇന്ത്യൻ സംവിധായികയും കാൻ ഗ്രാൻഡ് പ്രിക്സ് ജേതാവുമായ പായൽ കപാഡിയ ആണ് ഈ വർഷത്തെ സ്പിരിറ്റ് ഓഫ് സിനിമാ അവാർഡ് ജേതാവ്.
ലോകമെമ്പാടുമുള്ള മികച്ച സിനിമകൾ, പ്രശസ്ത സംവിധായകർ, സാങ്കേതിക വിദഗ്ധർ, പ്രേക്ഷകർ എന്നിവരെ ആകർഷിക്കുന്ന ഫെസ്റ്റിവൽ ഇന്ത്യയിലെ പ്രമുഖ സാംസ്കാരിക പരിപാടികളിലൊന്നായി അംഗീകരിക്കപ്പെടുന്നു.