നാഷണൽ സർവീസ് സ്കീമിന്റെ 2022-23 വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ ഈ മാസം 30ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പുസ്കാരസമർപ്പണ ചടങ്ങ് നടക്കുന്നത്. ചടങ്ങിൽ മന്ത്രി ആർ ബിന്ദു അധ്യക്ഷത വഹിക്കും. തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ, വി കെ പ്രശാന്ത് എംഎൽഎ, എംപിമാരായ ശശിതരൂർ, എ എ റഹീം, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ് എന്നിവർ ചടങ്ങിൽ സന്നിഹിതരാകും.
സംസ്ഥാനതലത്തിൽ വിദഗ്ധസമിതി തിരഞ്ഞെടുത്ത ഏറ്റവും മികച്ച യൂണിറ്റുകൾക്കും പ്രോഗ്രാം ഓഫീസർമാർക്കും വോളന്റിയർമാർക്കും സർവ്വകലാശാലകൾക്കും ഡയറക്ടറേറ്റുകൾക്കുമാണ് പുരസ്കാരങ്ങൾ സമ്മാനിക്കുക.
അറുനൂറിലധികം സ്നേഹഭവനങ്ങൾ, ആസാദ് സേനയടക്കം ലഹരിക്കെതിരായ കർമ്മപരിപാടികൾ, മാലിന്യനിർമ്മാർജ്ജന സംരംഭങ്ങൾ, ചെറു മാന്തോപ്പ് പദ്ധതി, സ്നേഹാരാമങ്ങൾ, അയ്യായിരത്തിലധികം മെഡിക്കൽ ക്യാമ്പുകൾ സ്കൂൾ ദത്തെടുക്കൽ, സൈബർ സുരക്ഷാപദ്ധതികൾ,
സംസ്ഥാനത്ത് ഉടനീളമുള്ള പാലിയേറ്റിവ് പ്രവർത്തനങ്ങൾ തുടങ്ങിയ വിപുലമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർക്കുള്ള ആദരസമർപ്പണമാണ് പുരസ്കാരങ്ങള്‍.– മന്ത്രി ആർ ബിന്ദു പറഞ്ഞു.