തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സമാധി വിവാദത്തില്‍ ഗോപന് സ്വാമിക്കായി പുതിയ സമാധിത്തറ ഒരുക്കി കുടുംബം. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ഗോപന്റെ മൃതദേഹം നാമജപ ഘോഷയാത്രയോടെ ആറാലുംമൂട്ടിലെ വീട്ടിലെത്തിക്കുമെന്നും ശേഷം സംസ്കരിക്കുമെന്നും മകന് പറഞ്ഞു. വിവിധ മഠങ്ങളില്‍ നിന്നുളള സന്യാസിമാര്‍ സംസ്കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
നേരത്തെ നിര്‍മ്മിച്ച സമാധിത്തറ പൊളിച്ചുനീക്കിയാണ് പുതിയ സമാധിത്തറ ഉണ്ടാക്കിയിട്ടുളളത്. വൈകിട്ട് നാല് മണിക്കാണ് സംസ്കാരം. സമാധിത്തറ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് ഗോപന്റെ മകന് സനന്ദന്‍ അറിയിച്ചു. ഗോപന് സ്വാമിയുടേത് സ്വാഭാവികമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായെങ്കിലും രാസപരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമെ ദുരൂഹത ഒഴിയുകയുള്ളൂ.