മുന്‍ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റും ജില്ലാ നേതാവുമായിരുന്ന സി പി എം യുവനേതാവ് ഉയര്‍ത്തിവിട്ട തീപ്പന്തം കണ്ണൂരിലെ പാര്‍ട്ടിയില്‍ ഒരു തീഗോളമായി മാറുകയാണ്. പാര്‍ട്ടിയില്‍ ആശാസ്യമല്ലാത്ത നിരവധി സാമ്പത്തിക ഇടപാടുകളും അധോലോക മാഫിയകളുമായുള്ള ബന്ധവും നിലനില്ക്കുന്നുവെന്ന മുന്‍ നേതാവിന്റെ വെളിപ്പെടുത്തല്‍ പലര്‍ക്കും പൊള്ളലേല്‍ക്കുന്നതാണ്.
മനു തോമസ് എന്ന മുന്‍ നേതാവ് പാര്‍ട്ടിക്ക് കൊടുത്ത കത്ത് പുറത്തുവന്നതോടെയാണ് കണ്ണൂരിലെ പാര്‍ട്ടിയിലെ പലരുടേയും നിറം വികൃതമാക്കുന്നത്. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി അനുഭാവികളായ ആകാശ് തില്ലങ്കേരിയും അര്ജ്ജുന് ആയങ്കിയും അടങ്ങുന്ന വലിയ സ്വര്‍ണ മാഫിയാ സംഘങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്നും സഹായങ്ങള്‍ ലഭിച്ചിരുന്നുവെന്നും ഈ ക്രിമനില്‍ സംഘങ്ങളെ സഹായിക്കുന്നതിന് വലിയ പ്രതിഫലം ലഭിച്ചിരുന്നുവെന്നുമാണ് ഉയര്‍ന്ന ആരോപണം.

ആകാശ് തില്ലങ്കേരി, അര്ജ്ജുന് ആയെങ്കിയും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച സാഹചര്യത്തിലാണ് ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയില്‍ രണ്ട് മേഖലാ ജാഥകള്‍ സംഘടിപ്പിച്ചത്. ഈ ജാഥ കൂത്തുപറമ്പില്‍ എത്തിയ വേളയില്‍ ഇലട്രിസിറ്റി ഓഫ് ചെയ്ത് പ്രസംഗം അലങ്കോലപ്പെടുത്തിയ സംഭവത്തിന് ശേഷമാണ് മനു തോമസ് സി പി എം ജില്ലാ നേതൃത്വത്തിന് അന്നത്തെ ഡി വൈ എഫ് ഐ ജില്ല സെക്രട്ടറിയായ എം ഷാജിറിനെതിരെ പരാതി നല്‍കിയത്.
എം ഷാജര്‍ ജില്ലാ സെക്രട്ടറിയും മനു തോമസ് ജില്ലാ പ്രസിഡന്റുമായിരുന്നു ഇക്കാലത്ത്, സ്വര്‍ണ മാഫിയകളുമായുള്ള എം ഷാജിറിന്റെ അടുത്ത ബന്ധത്തെക്കുറിച്ചുള്ള പരാതി പാര്‍ട്ടിയുടെ മുന്പില് നില്‍ക്കവേയാണ് ഒരു ക്രിക്കറ്റ് മത്സരത്തില്‍ വിജയിയായ ആകാശ് തില്ലങ്കേരി എം ഷാജിറില് നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നതായ ഫോട്ടോ പുറത്തുവന്നത്. ഇതേ തുടര്‍ന്ന് പാര്‍ട്ടിയില്‍ വിവാദങ്ങളുണ്ടായെങ്കിലും അത് ആകസ്മികമായി സംഭവിച്ചതെന്നായിരുന്നു ഷാജിറിന്റെ വിശദീകരണം.
ഡി വൈ എഫ് ഐ നേതാവും സി പി എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ ഷാജിര്‍, പയ്യന്നൂര്‍ സ്വദേശിയായ ഒരാളില്‍ നിന്നും സ്വര്‍ണം കൈപ്പറ്റിയെന്നായിരുന്നു മനു തോമസ് ഷാജിറിനെതിരെ നല്കിയ പരാതിയിലുണ്ടായിരുന്നത്. ഗുരുതരമായ ആരോപണം എന്ന നിലയില്‍ പാര്‍ട്ടി ഈ വിഷയത്തില്‍ അന്വേഷണം നടത്തിയെങ്കിലും അന്വേഷണത്തില്‍ വെള്ളം ചേര്‍ത്ത് പരാതി തള്ളി.

എം ഷാജിര്‍ തന്റെ കല്യാണത്തിന് കള്ളക്കടത്ത് സംഘത്തില്‍ നിന്നും വാങ്ങിയ സ്വര്ണ്ണക്കട്ടിയെക്കുറിച്ചായിരുന്നു പരാതി, ഈ പരാതിയില്‍ അന്വേഷണം നടത്തിയത് സി പി എം ജില്ലാ കമ്മിറ്റി അംഗമായ എം സുരേന്ദ്രനായിരുന്നു.
ഡി വൈ എഫ് ഐ നേതാവായ ഷാജിറിനെതിരെ എം സുരേന്ദ്രന്റെ അന്വേഷണത്തില്‍ സ്വര്‍ണക്കട്ടി വാങ്ങിയെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ വാങ്ങിയ സ്വര്‍ണത്തിന്റെ തൂക്കം വളരെ ചെറുതായിരുന്നുവെന്നു പറഞ്ഞ് ആരോപണത്തില്‍ നിന്നും ഷാജിറിനെ ഒഴിവാക്കിയെന്നാണ് മനു തോമസ് ആരോപിക്കുന്നത്.
പി ജയരാജനും മകനും കണ്ണൂരിലെ ക്വട്ടേഷന്‍ മാഫിയാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് മനു തോമസിന്റെ ആരോപണം. ഈ ആരോപണത്തെ തുടര്‍ന്ന് തില്ലങ്കേരിയില്‍ വിശദീകരണ യോഗം വിളിക്കുകയും പി ജയരാജന് ആകാശ് തില്ലങ്കേരിയേയും സംഘത്തേയും തള്ളിപ്പറയുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു.
പാര്‍ട്ടിയിലെ പല നേതാക്കള്‍ക്കും വഴിവിട്ട ബന്ധങ്ങള്‍ ഈ സംഘവുമായി ഉണ്ടെന്നാണ് മനു തോമസ് ആരോപിക്കുന്നത്. ഇതൊരു ചെറിയ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും നിരവധി നേതാക്കളുടെ പങ്കാളിത്തം വിശദമായ അന്വേഷണം നടത്തിയാല്‍ പുറത്തുവരുമെന്നുമാണ് മനു വ്യക്തമാക്കുന്നത്.

ഇ പി ജയരാജന്റെ അനധികൃത സ്വത്തു സ്മ്പാദനത്തെക്കുറിച്ച് പാര്‍ട്ടിയില്‍ പരാതിയുയര്ത്തിയ നേതാവാണ് പി ജയരാജന്. എന്നാല്‍ അതേ ജയരാജന് മാഫിയാ സംഘങ്ങളെ സംരക്ഷിക്കുന്നുവെന്ന ആരോപണത്തില്‍ വളരെ വ്യത്യസ്തമായ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. പാര്‍ട്ടിയല്ല തിരുത്തേണ്ടതെന്നും മനു തോമസാണ് തിരുത്തേണ്ടതെന്നുമായിരുന്നു ജയരാജന്റെ ആവശ്യം.
എം ഷാജിര്‍ നിലവില്‍ യുവജനക്ഷേമ കമ്മീഷന് ചെയര്‍മാനാണ്. ഷാജിറിനെ ഉന്നതമായ ഈ പോസ്റ്റിലേക്ക് പരിഗണിക്കാനുണ്ടായ സാഹചര്യം, ഏത് നേതാവിന്റെ താല്പര്യമായിരുന്നു ഇതിനു പിന്നിലെന്നൊക്കെ വരും ദിവസങ്ങളില്‍ പുറത്തുവരും. മനു തോമസിനെ വലതുപക്ഷ മാധ്യമങ്ങള്‍ ഉപയോഗിക്കുകയാണെന്നാണ് പി ജയരാജന്റെ പ്രതികരണം. ഇതോടെ കണ്ണൂര്‍ സി പി എമ്മില്‍ വീണ്ടും ഒരു കലാപത്തിന് വഴിയൊരുങ്ങുകയാണ്.
എം ഷാജിര്‍ അടക്കമുള്ള നേതാക്കള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. മനുവിന്റെ പരാതി ഷാജിറിനെപ്പറ്റിയല്ല എന്നായിരുന്നു സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പത്രസമ്മേളത്തിലെ പ്രതികരണം. ഷാജിറിനെ വെള്ളപൂശാനുള്ള ശ്രമമാണ് എം വി ജയരാജന് ഇപ്പോഴും നടത്തുന്നതെന്നാണ് മനുവിന്റെ ആരോപണം.

ആരാണ് യഥാര്‍ത്ഥ തെറ്റുകാരനെന്ന് കണ്ടെത്തുന്നതിന് പകരം തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നയാളെ ഒഴിവാക്കുകയെന്ന നയമാണ് കണ്ണൂരിലെ സി പി എം സ്വീകരിക്കുന്നതെന്നാണ് മനു തോമസ് ആരോപിക്കുന്നത്.
ചര്‍ച്ചകള്‍ തുടരുമ്പോള്‍ ഫേസ്ബുക്കില്‍ പി ജയരാജന്റേയും മനു തോമസിന്റേയും ഏറ്റുമുട്ടലിനു പിന്നാലെ ഇപ്പോള്‍, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി മനു തോമസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. പാര്‍ട്ടിക്കെതിരെ എന്തും വിളിച്ചുപറയാന്‍ പറ്റില്ലെന്ന് ബോധ്യപ്പെടുത്താന്‍ വലിയ സമയം വേണ്ടെന്നും കൂടെയുള്ളവര്‍ക്കും മാധ്യമങ്ങള്‍ക്കും സംരക്ഷിക്കാന്‍ കഴിഞ്ഞെന്നു വരില്ലെന്നുമാണ് ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പി ജയരാജനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് മനു തോമസ് രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ആകാശ് തില്ലങ്കേരിയുടെ കുറിപ്പ്. എന്നാല്‍ പോസ്റ്റ് പിന്നീട് പിന്‍വലിച്ചിട്ടുമുണ്ട്.
ഒന്നിനുപിന്നാലെ ഒന്നൊന്നായി ഓരോരുത്തരുടേയും മുഖംമൂടികള്‍ അഴിഞ്ഞുതുടങ്ങിയിരിക്കുകയാണ്. എതിര്ക്കുന്നവന് കൂടെനിന്നവനാണെങ്കിും എതിരാളിയാണെങ്കിലും നാവറക്കാനാണ് ഇടതിന് താല്പര്യം. കയ്യിലുള്ള ഭരണത്തെ ഇത്രയധികം ദുരുപയോഗം ചെയ്യുന്ന ഭരണപക്ഷം ഉണ്ടാവില്ല.
പ്രതീക്ഷിക്കാതെ വീണുകിട്ടിയ തുടര്‍ ഭരണം തന്നെയാമ് സിപിഎമ്മിന്രെ ഇപ്പോഴുള്ള അധഃപതനത്തിന് കാരണവും. മുന്നും പിന്നും നോക്കാതെയുള്ള ഇവരുടെ ഓട്ടം എങ്ങോട്ടാണെന്നോ ഇടതുമുന്നണിയുടെ ഭാവി എന്തെന്നോ ഇപ്പോ പ്രവചനാധീതമാണ്.