ദോഹ: ഭരണഘടന ഭേദഗതിയോടനുബന്ധിച്ച് നടത്തിയ ജനഹിത പരിശോധനയിൽ ഭേദഗതിക്ക് അംഗീകാരം കൊടുത്തുകൊണ്ട് ഖത്തറിലെ വോട്ടർമാർ. വോട്ടെടുപ്പിന് യോഗ്യത നേടിയ 84 ശതമാനത്തിൽ 89 ശതമാനം വോട്ടർമാരും ഭേദഗതിയെ അനുകൂലിച്ചാണ് വോട്ട് രേഖപ്പെടുത്തിയത്. ബാക്കിയുള്ള 9.2 ശതമാനം പേർ എതിർത്ത് വോട്ടു ചെയ്തപ്പോൾ 1.8 ശതമാനം വോട്ടുകൾ അസാധുവായി. ഭേദഗതിക്ക് ജനകീയ അംഗീകാരം ലഭിച്ചതോടെ ഖത്തർ ദേശീയ ഐക്യം പ്രഖ്യാപിച്ചു.
ഭരണഘടന ഭേദഗതി പ്രകാരം യോഗ്യരായ ആളുകളെ ഖത്തർ അമീർ ശൂറ കൗൺസിലിലേക്ക് നോമിനേറ്റ് ചെയ്യും. നിലവിലുള്ള തെരഞ്ഞെടുപ്പ് രീതിയനുസരിച്ച് ശൂറ കൗൺസിൽ അംഗങ്ങളിൽ മൂന്നിൽ രണ്ട് പേർ തെരഞ്ഞെടുക്കപെട്ട അംഗങ്ങളും ബാക്കി അമീർ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളുമാണ്. ഭരണഘടന ഭേദഗതി ശൂറ കൌൺസിൽ ഘടനയിൽ മാറ്റങ്ങൾക്ക് കാരണമാകും.
ദേശീയ ഐക്യം പ്രഖ്യാപിച്ച വേളയിൽ രാജ്യത്തെ പൊതു സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഖത്തർ.