കൊച്ചി: വഞ്ചന കേസിൽ മാണി സി കാപ്പൻ എംഎൽഎയെ കുറ്റവിമുക്തനാക്കി കോടതി. ദിനേശ് മേനോൻ എന്ന വ്യക്തി നൽകിയ പരാതിയിൽ എറണാകുളം ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് രാവിലെ ഉത്തരവ് പുറപ്പെടുവിച്ചത്. വഞ്ചന കേസിൽ ശിക്ഷിക്കപ്പെടുമെന്നും അങ്ങനെ വന്നാൽ അത് എം എൽ എ ക്കെതിരെ പാലാ നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കാമെന്ന് പ്രതീക്ഷിച്ചിരുന്ന കേരള കോൺഗ്രസ് എമ്മിനും, ജോസ് കെ മാണിക്കും കോടതി വിധി കനത്ത തിരിച്ചടിയാണ്.
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഈയൊരു വഞ്ചനാകേസ് ഉയർത്തി മാണി സി കാപ്പനെതിരെ വ്യാപക പ്രചരണങ്ങൾ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ സ്ഥിരമായി നടന്നിരുന്നു. ഈ അടുത്തകാലത്ത് തന്നെ ഹൈക്കോടതിയിൽ നിന്ന് വിചാരണ നേരിടണമെന്ന് ഉത്തരവ് പുറത്തുവന്നപ്പോഴും രാഷ്ട്രീയ പ്രതിയോഗികൾ കാപ്പനെതിരെ പാലാ നിയോജകമണ്ഡലത്തിൽ ഉടനീളം ഫ്ലക്സ് ബോർഡുകൾ ഉയർത്തുകയും പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇത്തരം രാഷ്ട്രീയ പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതാണ് കോടതി വിധി.