റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ത്യൻ സമയം 2 മണിക്കാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് പരിഗണിക്കുന്നത്. ഇത് എട്ടാം തവണയാണ് കോടതി കേസ് പരിഗണിക്കുന്നത്. അബ്ദുറഹീമും അഭിഭാഷകരും ഓണ്‍ലൈന്‍ വഴിയാണ് കോടതിയില്‍ ഹാജരാകുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയെങ്കിലും ജയില്‍ മോചനം നീണ്ടുപോകുകയാണ്.
മോചന ഉത്തരവ് ഇന്നെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമും കുടുംബവും നിയമ സഹായ സമിതിയും. 2006 ലാണ് കേസിന് ആസ്പദമായ സംഭവം. കഴിഞ്ഞ ജൂലൈ 2 ന് അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു നല്‍കിട്ടും മോചനം വൈകുന്നതിൽ കുടുംബത്തിന് പ്രയാസമുണ്ട്. സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് കേസ് മാറ്റിവെയ്ക്കുന്നതെന്നാണ് അഭിഭാഷകര്‍ നല്കുന്ന വിശദീകരണം.